ഉള്ളുപൊട്ടരുത് ഇനി ...വയനാട് ആവർത്തിക്കാതിരിക്കാൻ കുട്ടിശാസ്‌ത്രജ്ഞരുടെ കരുതൽ
ആലപ്പുഴ പ്രകൃതിദുരന്തത്തിനിരയായ വയനാടിനെ നെഞ്ചോട് ചേർക്കുകയാണ് കുട്ടിശാസ്‌ത്രജ്ഞർ. ശാസ്‌ത്ര, സാമൂഹികശാസ്‌ത്ര വിഭാഗങ്ങളിൽ പ്രകൃതിദുരന്തങ്ങളെ നേരിടാനും മുൻകൂട്ടി അറിയാനും കഴിയുന്ന നൂതനസംവിധാനങ്ങളായിരുന്നു ഏറെയും അവതരിപ്പിച്ചത്. അനങ്ങിയാൽ അറിയും ഇൻസാർ ഭൗമോപരിതലത്തിലെ മാറ്റങ്ങൾ മുൻകൂട്ടി അറിയാൻ ഉപഗ്രഹാധിഷ്‌ഠിത സാങ്കേതികവിദ്യയായ ഇന്റർഫെറോമെട്രിക് സിന്തറ്റിക് അപ്പർച്ചർ റഡാർ (ഇൻസാർ) ഉപയോഗിച്ചുള്ള സംവിധാനം മുന്നോട്ടുവയ്‌ക്കുകയാണ് മൊക്കേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിലെ 10–--ാം ക്ലാസ് വിദ്യാർഥികളായ സി അൻവിയും നിഹ സുരേഷും. പ്രകൃതിദുരന്തങ്ങൾക്ക് സാധ്യതയുള്ള സ്ഥലങ്ങൾ നിർമിതബുദ്ധിയും ജിഐഎസ് സാങ്കേതികവിദ്യയും ഉപയോഗിച്ച് വിശകലനംചെയ്യുന്ന രീതിയാണിത്. അപകടമേഖലയിൽ സ്ഥാപിക്കുന്ന ടവറുകളിലൂടെ ജാഗ്രത നിർദേശങ്ങൾ നൽകും. അതിവേഗം സുരക്ഷിതമായ സ്ഥലത്തേക്ക് മാറാൻ ഇതിലൂടെ സാധിക്കുന്നമെന്നും കുട്ടി ശാസ്‌ത്രജ്ഞർ പറയുന്നു. ഒരു പ്രദേശത്തിന്റെ കൃത്യമായ വിവരം ശേഖരിക്കാൻ ഏറെ ഗുണം ചെയ്യുന്ന സാങ്കേതികവിദ്യയാണിത്. ദുരന്തത്തിലുണ്ടാകുന്ന സാമ്പത്തികനഷ്‌ടം കൃത്യമായി അളക്കാനും അപകടമേഖലയിലെ രക്ഷാപ്രവർത്തനത്തിനും സാങ്കേതികവിദ്യ സഹായിക്കുമെന്ന് ഇരുവരും പറയുന്നു. വെള്ളം അളക്കും, വഴികാട്ടും ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിലെ മണ്ണിലെ വെള്ളത്തിന്റെ അളവ് അടിസ്ഥാനമാക്കി ജാഗ്രതാ നിർദേശം നൽകുന്ന ലാൻഡ്സ്ലൈഡ് അലർട്ട് സിസ്‌റ്റമാണ് കാസർകോട് കാഞ്ഞങ്ങാട് ദുർഗ എച്ച്എസ്എസിലെ 10–-ാം ക്ലാസ് വിദ്യാർഥികളായ എ നിരാമയയും എ എം ശ്രേയസും അവതരിപ്പിച്ചത്. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ വെള്ളത്തിന്റെ അളവ് കൂടാൻ തുടങ്ങുമ്പോൾ തന്നെ മുന്നറിയിപ്പ് പുറപ്പെടുവിക്കുന്ന സംവിധാനം കൃഷിയിടങ്ങളിൽ മണ്ണിന്റെ ഈർപ്പം അളക്കാൻ ഉപയോഗിക്കുന്ന സോയിൽ മോയിസ്ചർ സെൻസർ പരിഷ്‌കരണങ്ങൾ വരുത്തി തയ്യാറാക്കിയതാണ്. ഭൂതലജലത്തിന്റെ അളവ് 80 ശതമാനം പിന്നിടുമ്പോഴാണ് ഉരുൾപൊട്ടലുണ്ടാകുന്നത്. അളവ് 65 ശതമാനം എത്തുമ്പോൾ തന്നെ സെൻസർ അപകടസൂചന പുറപ്പെടുവിക്കും. സെൻസറുമായി ബന്ധിപ്പിച്ച് പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്ന ടവറിൽനിന്ന് അപകട സൈറൺ മുഴങ്ങും. വിദ്യാർഥികൾ വികസിപ്പിച്ചിട്ടുള്ള ലാൻഡ്സ്ലൈഡ് അലർട്ട് ആപ്പ് വഴി സമീപത്തെ പൊലീസ് സ്‌റ്റേഷൻ, അഗ്‌നിരക്ഷാസേന, പ്രദേശവാസികൾ തുടങ്ങിയവർക്ക് അപകടസൂചനാ സന്ദേശങ്ങൾ ലഭിക്കും. Read on deshabhimani.com