സിസിടിവിയിൽ കാറും: എസ്‌ഡിപിഐ ജില്ലാകമ്മിറ്റി ഓഫീസിൽ പൊലീസ് റെയ്‌ഡ്



പാലക്കാട് > ആർഎസ്എസ് ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തെ തുടർന്ന്‌ കൂടുതൽ വിവരങ്ങൾക്കും മറ്റുമായി നഗരത്തിലെ എസ്‌ഡിപിഐ ജില്ലാകമ്മിറ്റി ഓഫീസിൽ പൊലീസ്‌ റെയ്‌ഡ്‌ നടത്തി. തിങ്കൾ വൈകിട്ട് ആറോടെ മാതാകോവിൽ സ്ട്രീറ്റിലെ ഓഫീസിലാണ് പാലക്കാട് ഡിവൈഎസ്‌പി പി സി ഹരിദാസിന്റെ നേതൃത്വത്തിൽ മുപ്പതോളം പൊലീസ്‌ ഉദ്യോഗസ്ഥർ പരിശോധിച്ചത്‌. ശേഖരിച്ച വിവരങ്ങൾ പിന്നീട് വ്യക്തമാക്കുമെന്ന്‌ പൊലീസ്‌ അറിയിച്ചു. ശ്രീനിവാസൻ വധക്കേസിൽ പ്രതികൾ ഒളിവിൽ കഴിയുന്ന സാഹചര്യത്തിൽ ജില്ലയിൽ എസ്‌ഡിപിഐ, പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ പൊലീസ് പരിശോധിക്കുന്നുണ്ട്‌.  ഞായറാഴ്‌ച തൃത്താല, ഞാങ്ങാട്ടിരി, ചാലിപ്പുറം, ആമയൂർ, ശങ്കരമംഗലം, കൊടലൂർ, കാരക്കാട് പാറപ്പുറം എന്നിവിടങ്ങളിലെ എസ്‌ഡിപിഐ– -പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും പ്രവർത്തകരുടെ വീടുകളിലും പരിശീലനകേന്ദ്രത്തിലും നർകോട്ടിക് സെൽ ഡിവൈഎസ്‌പി എം അനിൽകുമാറിന്റെ നേതൃത്വത്തിൽ പരിശോധിച്ചിരുന്നു. കൊലയാളിസംഘത്തിന് ആയുധങ്ങൾ എത്തിച്ചതെന്ന് കരുതുന്ന കാറിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. കൊലപാതകം നടന്ന ദിവസം ബിജെപി ഓഫീസിലെ സിസിടിവിയിലാണ്‌  കൊലയാളിസംഘത്തിന്റെ കൂടുതൽ ദൃശ്യം പതിഞ്ഞത്. പകൽ 12.37ന് ഹരിക്കാര സ്‌ട്രീറ്റിൽ മൂന്ന് ബൈക്കിനുപുറമെ ചുവന്ന സ്വിഫ്‌റ്റ് കാറും കടന്നുപോയി. പകൽ ഒന്നിനാണ്‌ ശ്രീനിവാസൻ മേലാമുറിയിൽ കൊല്ലപ്പെടുന്നത്. ബിജെപി ഓഫീസിനുമുന്നിലൂടെ ഊടുവഴികളിലൂടെ സഞ്ചരിച്ചാണ് അക്രമിസംഘം മേലാമുറിയിൽ എത്തിയതെന്നാണ് പൊലീസ് നിഗമനം. കാർ പട്ടാമ്പി സ്വദേശിയുടേതാണെന്ന്‌ തിരിച്ചറിഞ്ഞു. Read on deshabhimani.com

Related News