വികസനത്തിന്റെ ‘ ടേക്ക്‌ ഓഫ് ’ ; ചിറകുവിരിച്ച്‌ ജലവിമാനം

കൊച്ചിയിൽ സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു. മേയർ എം അനിൽകുമാർ, മന്ത്രിമാരായ പി രാജീവ്, വി ശിവൻകുട്ടി തുടങ്ങിയവർ സമീപം


കൊച്ചി/മാട്ടുപ്പെട്ടി ടൂറിസം സ്വപ്നങ്ങളുടെ പുതുചിറകുമായി കൊച്ചി കായലിൽനിന്ന്‌ പറന്നുയർന്ന കേരളത്തിന്റെ ജലവിമാനം മാട്ടുപ്പെട്ടിയിലെ നീലത്തടാകത്തിൽ പറന്നിറങ്ങി. 19 പേർക്ക് യാത്ര ചെയ്യാവുന്ന കനേഡിയൻ ‘ഡി ഹാവില്ലൻഡ് സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കൽ കാണാൻ കൊച്ചിയിലും മാട്ടുപ്പെട്ടിയിലും ആയിരങ്ങളെത്തി. തിങ്കൾ രാവിലെ വിമാനം ഫ്ലാഗ്‌ ഓഫ്‌ ചെയ്‌ത ടൂറിസം-മന്ത്രി പി എ മുഹമ്മദ് റിയാസിനൊപ്പം മന്ത്രിമാരായ പി രാജീവ്, വി ശിവൻകുട്ടി, മേയർ എം അനിൽകുമാർ, വകുപ്പ് സെക്രട്ടറിമാർ എന്നിവർ സീപ്ലെയിനിൽ അൽപ്പനേരം യാത്ര ചെയ്‌തു. ശേഷം കൊച്ചി ബോൾഗാട്ടി പാലസ് വാട്ടർഡ്രോമിൽ നിന്ന്‌ പകൽ 10.25നാണ്‌ പരീക്ഷണപ്പറക്കൽ ആരംഭിച്ചത്‌. 10.55ന് മാട്ടുപ്പെട്ടിയിലെത്തി. മന്ത്രി റോഷി അഗസ്റ്റിൻ, എം എം മണി എംഎൽഎ, ദേവികുളം സബ്കലക്ടർ വി എം ജയകൃഷ്ണൻ, ഡാം സേഫ്റ്റി ചീഫ് എൻജിനിയർ എസ് നന്ദകുമാർ എന്നിവർ ചേർന്ന് വരവേൽപ്പ് നൽകി. വിമാനത്തിന്റെ ക്യാപ്ടൻ ഡാനിയൽ മോണ്ട്ഗോമറി, പൈലറ്റ് റോഡ്ജർ ബ്രൻഡ്ജർ എന്നിവരെ മാലയിട്ട് സ്വീകരിച്ചു. അഡ്വ. എ രാജ എംഎൽഎയും ഏവിയേഷൻ സെക്രട്ടറി ബിജു പ്രഭാകർ എന്നിവരും വിമാനത്തിലുണ്ടായിരുന്നു. പകൽ പന്ത്രണ്ടോടെ കൊച്ചി വിമാനത്താവളത്തിൽ തിരിച്ചെത്തിയ വിമാനം, 12.30ന്‌ അഗത്തിയിലേക്ക്‌ മടങ്ങി. സ്‌പൈസ് ജെറ്റിന്റെ സഹകരണത്തോടെയായിരുന്നു സർവീസ്.   റൺവേ വേണ്ട, 
വെള്ളത്തിലൂടെ ടേക്ക്‌ ഓഫ്‌ റൺവേ വേണമെന്നില്ല, വെള്ളത്തിലൂടെ നീങ്ങി ടേക്ക് ഓഫ്. ജലത്തിൽത്തന്നെ ലാൻഡിങ്. ഇത്തരം സീപ്ലെയിനുകളിലൊന്നാണ്‌ തിങ്കളാഴ്‌ച കൊച്ചി കായലിൽനിന്ന്‌ മാട്ടുപ്പെട്ടിയിലേക്ക്‌ പറന്നുയർന്നത്‌. കനേഡിയൻ പൗരന്മാരായ ക്യാപ്റ്റൻ ഡാനിയൽ മോണ്ട്‌ഗോമറി, ക്യാപ്റ്റൻ റോഡ്ജർ ബ്രെൻജർ എന്നിവരായിരുന്നു പൈലറ്റുമാർ. യോഗേഷ് ഗാർഗ്, സന്ദീപ് ദാസ്, സയ്യദ് കമ്രാൻ, മോഹൻ സിങ് എന്നിവർ ക്രൂ അംഗങ്ങളും. കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന, കനേഡിയന്‍ കമ്പനി "ഡി ഹാവില്ലൻഡ് കാനഡ'യുടെ ആംഫീബിയൻ വിമാനം പറന്നുയരുന്നത്‌ കാണാൻ നൂറുകണക്കിനുപേരാണ്‌ ബോൾഗാട്ടി പാലസിൽ എത്തിയത്‌. 9, 15, 20, 30 സീറ്റുകളുള്ള ചെറിയ വിമാനങ്ങളാണിത്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വാട്ടർഡ്രോമുകളിലൂടെയാണ് യാത്രക്കാർ കയറുക. കേന്ദ്രസർക്കാരിന്റെ ഉഡാൻ റീജണൽ കണക്ടിവിറ്റി പദ്ധതിക്കുകീഴിലുള്ള സീപ്ലെയിൻ സർവീസാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. ഇതുപ്രകാരം നിരക്കുകളിൽ ഇളവുകളുമുണ്ടാകും. നാല് വിമാനത്താവളങ്ങൾ തമ്മിലും വാട്ടർഡ്രോമുകളും വിമാനത്താവളങ്ങളും തമ്മിലുമുള്ള കണക്ടിവിറ്റി വർധിപ്പിക്കാൻ അവസരമൊരുക്കും. ജലാശയങ്ങളുടെ നാടായ കേരളത്തിൽ പദ്ധതിക്ക് വലിയ സാധ്യതയുണ്ട്‌. Read on deshabhimani.com

Related News