"സീപ്ലെയിൻ അവസരമാണ്‌ , ആശങ്ക വേണ്ട ' : ഡോ. ബി മധുസൂദനക്കുറുപ്പ്‌



കൊച്ചി സീപ്ലെയിൻ പദ്ധതി വിനോദസഞ്ചാര രംഗത്ത്‌ മാത്രമല്ല, മത്സ്യമേഖലയിലും അവസരം തുറക്കുമെന്ന്‌ 2013ൽ ഉമ്മൻചാണ്ടി സർക്കാർ നിയോഗിച്ച വിദഗ്‌ധസമിതി അംഗം ഡോ. ബി മധുസൂദനക്കുറുപ്പ്‌.  ടൂറിസം സെക്രട്ടറി സുമൻ ബില്ലയുടെ അധ്യക്ഷതയിലാണ്‌ പഠനം നടത്തിയത്‌. 2014 ജൂണിൽ റിപ്പോർട്ട്‌ സമർപ്പിച്ചു. പദ്ധതി പരിസ്ഥിതിക്കോ ആവാസവ്യവസ്ഥയ്‌ക്കോ ജലജീവികൾക്കോ പ്രശ്‌നം സൃഷ്ടിക്കില്ലെന്നാണ്‌ കണ്ടെത്തിയത്‌. ആൻഡമാൻ ഹാവ്‌ലോക്‌ ദ്വീപിലെ വാട്ടർഡ്രോമിലായിരുന്നു പഠനം. 1250 മീറ്റർ നീളവും 1.5 മീറ്റർ ആഴവും 250 മീറ്റർ വീതിയുമാണ്‌ സീപ്ലെയിനിന്‌ ജലാശയത്തിൽ വേണ്ടത്‌.  ഇറങ്ങാനും പറന്നുയരാനും വളരെ കുറച്ച്‌ സമയം മതി.  പ്രാണവായുവിന്റെ ലഭ്യതയിൽ അടക്കം ഒരു കുറവും വരുന്നില്ല. മലിനീകരണവുമില്ല. തിരയിളക്കവും കലങ്ങലും സ്‌പീഡ്‌, യാത്രാബോട്ടുകൾ സൃഷ്ടിക്കുന്നതിനെക്കാൾ കുറവുമാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മീൻപിടിത്തത്തെയും പദ്ധതി പ്രതികൂലമായി ബാധിക്കില്ല. പോണ്ടിച്ചേരി സർവകലാശാലയിലെ മറൈൻ ബയോളജിക്കൽ റിസർച്ച്‌ സ്‌റ്റേഷനിലെ ശാസ്‌ത്രജ്ഞരും പഠനവുമായി സഹകരിച്ചു. മത്സ്യമേഖലയ്‌ക്കും തൊഴിലാളികൾക്കും പദ്ധതി ഗുണകരമാകുമെന്നും റിപ്പോർട്ടിലുണ്ട്‌. വിവിധ മീൻകൃഷി രീതികൾ വ്യാപിപ്പിക്കുക, കൂടുതൽ മീൻകുഞ്ഞുങ്ങളെ നിക്ഷേപിക്കുക,  മീൻപിടിത്തരീതികൾ വിനോദസഞ്ചാരികളെ പരിചയപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളാണ്‌ മുന്നോട്ടുവച്ചത്‌. ഇത്‌ മത്സ്യസമ്പത്ത്‌ ഗണ്യമായി വർധിപ്പിക്കുന്നതിനൊപ്പം മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുകയും ചെയ്യും. നിർഭാഗ്യവശാൽ, റിപ്പോർട്ടിനെ അടിസ്ഥാനമാക്കി തുടർപ്രവർത്തനങ്ങളൊന്നും ഉണ്ടായില്ല. ആരൊക്കെയോ മത്സ്യത്തൊഴിലാളികളെ ഭയപ്പെടുത്തുകയും ആശങ്കയിലാഴ്‌ത്തുകയും ചെയ്‌തു. റിപ്പോർട്ട്‌ ചർച്ചയായിരുന്നെങ്കിൽ ആശങ്കകൾക്ക്‌ അടിസ്ഥാനമില്ലെന്ന്‌ തെളിയുമായിരുന്നു. മാത്രമല്ല, പദ്ധതി അവർക്ക്‌ ഗുണകരമാണെന്ന്‌ മത്സ്യത്തൊഴിലാളികളും തിരിച്ചറിഞ്ഞേനെ. എന്തുകൊണ്ടോ അതുണ്ടായില്ലെന്നും --മധുസൂദനക്കുറുപ്പ്‌ പറഞ്ഞു. കുഫോസ്‌ മുൻ വൈസ്‌ ചാൻസലർ കൂടിയാണ്‌ മധുസൂദനക്കുറുപ്പ്‌. Read on deshabhimani.com

Related News