റിയാസിനായി തിരച്ചിൽ ഊർജിതമാക്കി നേവി



കാസർകോട് > കാസർകോട് ‌‌‌കീഴൂർ ഹാർബറിന് സമീപം ചൂണ്ട ഇടുന്നതിനിടെ കടലിൽ കാണാതായതായ ചെമ്മനാട് കല്ലുവളപ്പിലെ മുഹമ്മദ് റിയാസിനെ (37) കണ്ടെത്താനുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. ഇന്ന് രാവിലെ ഇന്ത്യൻ നേവിയുടെ കപ്പലും സ്ക്യൂബ ഡൈവിങ് ടീമും പരിശോധന ആരംഭിച്ചു. നേവിയുടെ ഒരു കപ്പൽ കീഴൂർ മുതൽ തലശേരി വരെയും മറ്റൊരു കപ്പൽ തലശേരി മുതൽ കീഴൂർ വരെയുമാണ് തിരച്ചിൽ നടത്തുന്നത്. ഇതോടൊപ്പം ഫിഷറീസ് വകുപ്പിന്റെ പട്രോൾ ബോട്ടുകൾ രാവിലെ കീഴൂർ അഴിമുഖത്തു നിന്നും തലശ്ശേരി ഭാഗത്തേക്ക്‌ തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ മുപ്പത്തിയൊന്നിന് പുലർച്ചെ അഞ്ച് മണിക്കും ഒമ്പത് മണിക്കും ഇടയിലാണ് പ്രവാസിയായ റിയാസിനെ കാണാതായത്. അന്ന് ഉച്ചയ്ക്ക് 12 മണി മുതൽ തന്നെ റവന്യു വകുപ്പ്, കോസ്റ്റ് ഗാർഡ്, ഫിഷറീസ് വകുപ്പ്, കോസ്റ്റൽ പൊലീസ്, ഫയർ &റെസ്‌ക്യൂ ടീമുകൾ ഏകോപിച്ചു ശക്തമായ മഴയെയും അടിയോഴുക്കിനെയും അവഗണിച്ചു തിരച്ചിൽ നടത്തിയെങ്കിലും വിവരം ലഭിച്ചിരുന്നില്ല. സെപ്തംബർ രണ്ടിന് കോസ്റ്റ്​ഗാർഡിന്റെ ഡോർണിയർ വിമാനം ലഭ്യമാക്കി തിരച്ചിൽ നടത്തി. ‌‌ഇന്നലെ കർണാടകയിൽ നിന്നുള്ള മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയും സ്ഥലത്തെത്തി. യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ്‌ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം തിരച്ചിലിന്‌  ഇന്ത്യൻ നേവിയുടെ സഹായം തേടിയത്‌. പുഴക്കരയോട്‌ ചേർന്നുള്ള പാറക്കൂട്ടങ്ങളിൽ ഇരുന്ന്‌ ചൂണ്ടയിടുന്നതിനിടയിൽ റിയാസ് പുഴയിൽ വീണതാകാം എന്നാണ്‌ നിഗമനം. റിയാസ്‌ ഉപയോഗിച്ചിരുന്ന ചൂണ്ടയും കാണാതായിട്ടുണ്ട്‌. വലിയ മീനുകളുള്ള സ്ഥലമായതിനാൽ കൊത്തി വലിച്ചപ്പോൾ റിയാസ്‌ പുഴയിലേക്ക്‌ വീണതാകാമെന്ന്‌ പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ പറഞ്ഞു. പാറയിടുക്കിൽ കാൽകുടുങ്ങാനുള്ള സാധ്യതയുമുണ്ട്‌. അതിനാൽ റിയാസ്‌ ചൂണ്ടയിടാൻ ഇരുന്നു എന്ന്‌ സംശയിക്കുന്ന പാറക്കൂട്ടത്തിന്‌ അടിവശം കേന്ദ്രീകരിച്ചാണ്‌ മാൽപെ തെരച്ചിൽ നടത്തിയത്‌. പത്തുതവണ പുഴയിൽ മുങ്ങി കടൽ വരെയുള്ള ഭാഗം പരിശോധിച്ചു. സംശയാസ്‌പദമായി ഒന്നും കണ്ടെത്തിയില്ല. അഴിമുഖമായതിനാൽ താരതമ്യേന അടിയൊഴുക്ക്‌ കൂടിയ പ്രദേശമാണ്‌. കടലിലേക്ക്‌ ഒഴുകിപ്പോയിരിക്കാം എന്ന നിഗമനത്തിലാണ്‌ അധികൃതർ. Read on deshabhimani.com

Related News