വിഴിഞ്ഞത്ത് രണ്ടാമത്തെ മദർഷിപ് ഈ മാസം
തിരുവനന്തപുരം > വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തേക്ക് രണ്ടാമത്തെ മദർഷിപ് ഈ മാസം പതിനഞ്ചിനെത്തും. ഇറക്കുന്ന കണ്ടെയ്‌നറുടെ എണ്ണം കൂട്ടും. 20 അടി, 40 അടി കണ്ടെയ്‌നറുകൾ ഉണ്ടാകും. ജൂലൈ പതിനൊന്നിനെത്തിയ ആദ്യ മദർഷിപ്പായ ‘സാൻ ഫെർണാണ്ടോ’ യിൽനിന്ന് രണ്ടായിരത്തോളം കണ്ടെയ്‌നറുകളാണ് വിഴിഞ്ഞത്തിറക്കിയത്. പിന്നാലെയെത്തിയ ചെറുകപ്പലുകൾ ഇവിടെനിന്ന് കണ്ടെയ്‌നറുകൾ മറ്റു തുറമുഖങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്‌തു. മദർഷിപ്പിന് അടുക്കാൻ കഴിയുന്നതും ട്രാൻസ്‌ഷിപ്പ്‌മെന്റിന് യോജിച്ച തുറമുഖമായും വിഴിഞ്ഞം ഇതിലൂടെ അറിയപ്പെട്ടു. കപ്പൽ അടുപ്പിക്കാനും കണ്ടെയ്‌നർ നീക്കത്തിനുമുള്ള നിരക്ക് പ്രഖ്യാപിച്ചശേഷമെത്തുന്ന ആദ്യ മദർഷിപ്പാണിത്. മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ (എംഎസ്‌സി) കപ്പൽ എത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ബുധനാഴ്‌ച മുംബൈയില്‍ ചേരുന്ന യോഗമായിരിക്കും ഇതുസംബന്ധിച്ച് തീരുമാനമെടുക്കുക. രാജ്യത്തെ ആദ്യ ഓട്ടോമേറ്റഡ് തുറമുഖം ട്രയൽ റണ്ണിലാണ്. സെപ്‌തംബർ പകുതിയിലോ, ഒക്‌ടോബർ ആദ്യമോ കമീഷനിങ് നടത്തും. ഇതുസംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. കൊളംബോ തുറമുഖത്തേക്കാൾ കപ്പലടുപ്പിക്കാൻ പകുതിയിലേറെ തുക കുറച്ചത് ഷിപ്പിങ് മേഖല സ്വാഗതം ചെയ്‌തിട്ടുണ്ട്. അതനുസരിച്ച് കൂടുതൽ കപ്പലുകൾ എത്തിയാൽ നികുതിയിനത്തിൽ കേരളത്തിനും രാജ്യത്തിനും ഒരുപോലെ നേട്ടമുണ്ടാകും. Read on deshabhimani.com