പി ടി തോമസിന്റെ ‘സമാധാനപ്രസംഗം’ ഓർമിച്ച് സീന
കൊച്ചി > സൈമൺബ്രിട്ടോയെ മുന്നിലിരുത്തി തങ്ങളുടെ ക്യാമ്പസ് കാലം സമാധാനകാലമെന്ന് വിശേഷിപ്പിച്ചതിനെ ചോദ്യം ചെയ്‌തപ്പോൾ പി ടി തോമസ് രോഷാകുലനായ രംഗം ഓർമിച്ച് ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കറിന്റെ ഫെയ്‌സ്‌ബുക്ക് പോസ്‌റ്റ്. ഒരിക്കൽ മുളന്തുരുത്തി വായനശാലയിൽ വിദ്യാർഥി രാഷ്ട്രീയ നിരോധന സെമിനാറിൽ ബ്രിട്ടോയും പി ടി തോമസും ഒരേവേദിയിലുള്ളപ്പോഴാണ് തങ്ങളുടെ കലാലയ അന്തരീക്ഷം പരസ്പരം സംഗീതംപോലെ സ്നേഹിച്ചിരുന്ന കാലഘട്ടമായിരുന്നുവെന്ന് പി ടി തോമസ് പറഞ്ഞത്. ആ സംഗീത സ്നേഹമായിരുന്നോ ജീവിതകാലം മുഴുവൻ ചക്രക്കസേരയിൽ ജീവിക്കേണ്ട ദുരന്തം വിതച്ചതെന്ന് ഞാൻ ചോദിച്ചു. അതിന് മറുപടിയായി തോമസിന്റെ രൂക്ഷമായി പ്രതികരണത്തിൽ അവിടുണ്ടായിരുന്നവർ ഭയപ്പെട്ടുപോയെന്നും സീന ഓർമിച്ചു. ഇനിയും പക തീർന്നില്ലെങ്കിൽ 15 ശതമാനം മാത്രം ചലനശേഷിയുള്ള ശരീരത്തിലെ ഈ ജീവനെടുക്കാമെന്ന് ബ്രിട്ടോയും മറുപടി നൽകി. സൈമൺ ബ്രിട്ടോയ്‌ക്ക് വധഭീഷണിയുണ്ടെന്ന് അന്നത്തെ കെഎസ്‌യു നേതാവായ പി ടി തോമസ് എംഎൽഎക്ക് അറിയാമായിരുന്നു. കുത്തേൽക്കുന്നതിന് മൂന്നുദിവസംമുമ്പ് ആരെങ്കിലും കൊന്നേക്കാമെന്നും സൂക്ഷിക്കണമെന്നും ബ്രിട്ടോയ്‌ക്ക് പി ടി തോമസ് മുന്നറിയിപ്പ് നൽകി. എനിക്കെതിരെ ഗൂഢാലോചനയുണ്ടെങ്കിൽ അത് നിന്റെ പാർടിക്കാരായിരിക്കുമെന്നാണ് അതിന് ബ്രിട്ടോ മറുപടി നൽകിയത്. പുണ്യാളന്മാരുടെ സൃഷ്ടി കൂടിക്കൂടി വരുന്ന ഈ കാലഘട്ടത്തിൽ കടന്നുപോയ വഴികൾ തെളിമയോടെ നിൽക്കുമെന്നും സീന എഫ്‌ബി പോസ്‌റ്റിൽ പറഞ്ഞു. 1983 ഒക്ടോബർ 14നാണ് ബ്രിട്ടോയ്‌ക്ക് നട്ടെല്ലിനും കരളിനും ഹൃദയത്തിനും ശ്വാസകോശത്തിനും മാരകമായി കുത്തേറ്റത്. Read on deshabhimani.com