സെറോ സർവേ ഫലം ഉടൻ; രോഗസാധ്യത കണ്ടെത്താം



തിരുവനന്തപുരം > സെപ്‌തംബർ ആദ്യം സംസ്ഥാനത്ത്‌ ആരംഭിച്ച സെറോ പ്രിവലൻസ്‌ സർവേ ഉടൻ പൂർത്തിയാകും. എത്രപേർ കോവിഡ്‌ബാധിതരായെന്നും ഇനിയെത്രപേർക്ക്‌ രോഗസാധ്യതയുണ്ടെന്നും ഇതിലൂടെ കണ്ടെത്താം. രോഗമുക്തരിലും വാക്‌സിനെടുത്തവരിലും കോവിഡ്‌ പ്രതിവസ്‌തു സാന്നിധ്യമുണ്ടാകും. 14 ജില്ലയിൽ നിന്നായി 13,875 പേരുടെ സാമ്പിൾ പരിശോധിച്ചു. തിരുവനന്തപുരത്ത്‌ ആയിരത്തി നാനൂറിലധികം സാമ്പിൾ പരിശോധിച്ചു. 18 വയസ്സിന്‌ മുകളിലുള്ളവർ, അഞ്ചുമുതൽ 17 വയസ്സുവരെയുള്ളവർ, ഗർഭിണികൾ, 18 വയസ്സിന്‌ മുകളിലുള്ള ആദിവാസി വിഭാഗത്തിലുള്ളവർ, തീരപ്രദേശങ്ങളിലെ 18 വയസിന്‌ മുകളിലുള്ളവർ, നഗരസഭാ പരിധിയിലെ ചേരിപ്രദേശങ്ങളിലുള്ള 18 വയസ്സിന്‌ മുകളിലുള്ളവർ എന്നിവരിലെ ഇമ്യൂണോഗ്ലോബുലിൻ ജി (ഐജിജി) ആന്റിബോഡി സാന്നിധ്യം കണ്ടെത്തുകയാണ്‌ ലക്ഷ്യം.   ആരോഗ്യ സെക്രട്ടറിയുടെ ഓഫീസ്‌ റിപ്പോർട്ട്‌ മുഖ്യമന്ത്രിക്ക്‌ കൈമാറും. കോവിഡ്‌ മുക്തരിൽ ഐജിജി പോസിറ്റീവാകും. ഇവർ സെറോ പോസിറ്റീവായിരിക്കും.  ഐസിഎംആർ ജൂലൈയിൽ പ്രസിദ്ധീകരിച്ച സെറോ സർവേ പ്രകാരം കേരളത്തിൽ 50 ശതമാനത്തിലധികംപേരും ഇതുവരെ കോവിഡ്‌ ബാധിക്കാത്തവരാണ്‌. ഈ ഫലം സംസ്ഥാനത്തിന്റെ മികച്ച പ്രതിരോധത്തെയാണ്‌ സൂചിപ്പിക്കുന്നതെന്ന്‌ ദേശീയ, അന്തർദേശീയ വിദഗ്ധരടക്കം വ്യക്തമാക്കിയിരുന്നു. Read on deshabhimani.com

Related News