ബലാത്സംഗക്കേസ് : നടൻ സിദ്ദിഖിന്റെ അറസ്റ്റ് രണ്ടാഴ്ചത്തേക്ക് തടഞ്ഞ് സുപ്രീംകോടതി
ന്യൂഡൽഹി യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ നടൻ സിദ്ദിഖിന്റെ അറസ്റ്റ് രണ്ടാഴ്ചത്തേക്ക് തടഞ്ഞ് സുപ്രീംകോടതി. ജസ്റ്റിസുമാരായ ബേലാ എം ത്രിവേദി, സതീഷ്‌ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ചിന്റെതാണ് ഉത്തരവ്. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കണം. രണ്ടാഴ്‌ചയ്‌ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും. അതുവരെ വിചാരണക്കോടതി മുന്നോട്ടുവെക്കുന്ന ഉപാധികളുടെകൂടി അടിസ്ഥാനത്തിൽ ഹർജിക്കാരന്റെ അറസ്റ്റ് പാടില്ല–-കോടതി ഉത്തരവിട്ടു. കേരളാ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചത്. യുവതി പരാതി നൽകാൻ എട്ടുവർഷത്തെ കാലതാമസമുണ്ടായത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. മലയാള സിനിമയിലെ അധികാര സമവാക്യങ്ങൾ കണക്കിലെടുത്താൽ പരാതി വൈകിയെന്ന് ആരോപിക്കാനാകില്ലെന്ന് അതിജീവിതയ്‌ക്കുവേണ്ടി അഡ്വ. വൃന്ദ ഗ്രോവർ മറുപടി നൽകി. സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയും സമാനമായ വാദം ഉയർത്തി. പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങളിൽ വൈരുധ്യങ്ങൾ ഉണ്ടായിരുന്നെന്ന് സിദ്ദിഖിനുവേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്‌തഗി ആരോപിച്ചു. കേസിൽ കക്ഷി ചേരാനുള്ള ചിലരുടെ അപേക്ഷ തള്ളി . 2016ൽ തിരുവനന്തപുരത്ത് മാസ്‌കോട്ട് ഹോട്ടലിൽ വിളിച്ചുവരുത്തി സിദ്ദിഖ് ബലാത്സംഗം ചെയ്‌തെന്നാണ് അതിജീവിതയുടെ പരാതി. Read on deshabhimani.com