അമ്പതിന്റെ നിറവിൽ സന്നിധാനം പോസ്റ്റൽ സീൽ



ശബരിമല > ശബരിമലയുടെ സ്വന്തമായ തപാൽ ഓഫീസ് ഉണ്ടായിട്ട് 61 വർഷം പൂർത്തിയായി. ‘689713’ എന്ന പിൻ കോഡിൽ 1963ലാണ് സന്നിധാനം പോസ്റ്റ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. 1974-ലാണ് പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉൾപ്പെടുന്ന ലോഹസീൽ പ്രാബല്യത്തിൽ വന്നത്. ഈ സീൽ നിലവിൽ വന്നതിന്റെ അമ്പതാം വർഷം കൂടിയാണിത്‌. മൊബൈലും നവമാധ്യമങ്ങളും സജീവമായ ഇക്കാലത്തും സന്നിധാനത്ത് എത്തുന്നവർ ഇവിടെ നിന്നും സീൽ പതിച്ച പോസ്റ്റ് കാർഡ് വാങ്ങി വേണ്ടപ്പെട്ടവർക്ക് അയയ്ക്കുന്നത് പതിവാണ്. പതിനെട്ടാം പടിയും അയ്യപ്പ വിഗ്രഹവും ഉൾക്കൊള്ളുന്ന സീൽ പതിച്ച കാർഡുകൾ കൗതുകത്തോടെ വീടുകളിൽ സൂക്ഷിക്കുന്നവരുമുണ്ട്. ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലത്തും വിഷുവിന്റെ സമയത്ത് ഒരാഴ്ചയുമാണ് സന്നിധാനത്തെ ഈ പോസ്റ്റ് ഓഫീസ് സജീവമാകുക. മണ്ഡലകാലം കഴിഞ്ഞാൽ സീൽ പത്തനംതിട്ട പോസ്റ്റൽ സൂപ്രണ്ട് ഓഫീസിന്റെ ലോക്കറിലേക്ക് മാറ്റും. വിവാഹ ക്ഷണക്കത്ത്, ഗൃഹപ്രവേശന ക്ഷണം, നന്ദി അറിയിപ്പ് തുടങ്ങിയ കത്തുകളും മണി ഓർഡറുകളും സന്നിധാനം പോസ്റ്റ് ഓഫീസിലേക്ക് എത്താറുണ്ട്. കത്തുകൾ നടയ്‌ക്ക്‌ മുൻപിൽ സമർപ്പിച്ച ശേഷം എക്സിക്യൂട്ടീവ് ഓഫീസർക്ക് കൈമാറുകയാണ് പതിവ്. പോസ്റ്റൽ സേവനങ്ങൾക്ക് പുറമേ മൊബൈൽ റീചാർജ്, ഇൻസ്റ്റന്റ് മണി ഓർഡർ, അരവണ ഓൺലൈൻ- ഓഫ്‌ലൈൻ ബുക്കിങ്‌ അടക്കമുള്ള സൗകര്യങ്ങളും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ് മാസ്റ്റർക്ക് പുറമേ ഒരു പോസ്റ്റുമാനും രണ്ട് മൾട്ടി ടാസ്‌കിങ്‌ സ്റ്റാഫുമാണ് സന്നിധാനം തപാൽ ഓഫീസിലുള്ളത്. Read on deshabhimani.com

Related News