ഷേപ്പിങ് കേരളാസ് ഫ്യൂച്ചർ: ഇന്റർനാഷണൽ കോൺക്ലേവ് ജനുവരിയിൽ
തിരുവനന്തപുരം > കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പും സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലും സംയുക്തമായി ഒരുക്കുന്ന ദ്വിദിന അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന്റെ ലോഗോ മന്ത്രി ഡോ. ആർ.ബിന്ദു പ്രകാശനം ചെയ്‌തു. 'ഷേപ്പിംഗ് കേരളാസ് ഫ്യൂച്ചർ: ഇന്റർനാഷണൽ കോൺക്ലേവ് ഓൺ നെക്സ്റ്റ്-ജെൻ ഹയർ എജ്യൂക്കേഷൻ' എന്ന പേരിൽ 2025 ജനുവരി 14,15 തീയതികളിൽ കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിലാണ് കോൺക്ലേവ്. Towards A New Episteme എന്നതാണ് കോൺക്ലേവിന്റെ ടാഗ് ലൈൻ. ഉന്നതവിദ്യാഭ്യാസ രംഗത്തെ നിലവിലെ വെല്ലുവിളികളും സാധ്യതകളും കോൺക്ലേവ് പരിശോധിക്കും. ഉന്നതവിദ്യാഭ്യാസത്തിൽ നിർമിതബുദ്ധിയുടെ സംയോജനം, സാമ്പത്തിക സുസ്ഥിരത, അന്താരാഷ്ട്രവത്കരണം, ഗവേഷണമികവ്, സുസ്ഥിരവികസനം കരിക്കുലത്തിൽ സംയോജിപ്പിക്കൽ, ഉന്നതവിദ്യാഭ്യാസത്തെ ഭാവി തൊഴിൽസാധ്യതകളുമായി ബന്ധിപ്പിക്കൽ തുടങ്ങിയ വിവിധ വിഷയങ്ങൾ കോൺക്ലേവ് ചർച്ചചെയ്യും. ഉന്നതവിദ്യാഭ്യാസരംഗത്ത് കേരളം നടത്തിക്കൊണ്ടിരിക്കുന്ന സമൂലവും സമഗ്രവുമായ പരിഷ്‌ക്കാരങ്ങളുടെ തുടർച്ചയാണ് ജനുവരിയിലെ കോൺക്ലേവ്. ഈ വർഷം സംസ്ഥാനത്ത് ആരംഭിച്ച നാലുവർഷ ബിരുദ പദ്ധതി, കോളേജുകളിലും സർവകലാശാലകളിലും അക്കാദമിക, ഭരണകാര്യങ്ങൾ സുഗമമായി നടത്തുന്നതിനു വേണ്ടി രൂപീകരിച്ച കെ-റീപ്പ് പദ്ധതി, വിവിധ മേഖലകളിലായി സ്ഥാപിക്കുന്ന 7 മികവിന്റെ കേന്ദ്രങ്ങൾ, കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക്, ബ്രെയിൻ ഗെയിൻ പദ്ധതി, സ്റ്റഡി ഇൻ കേരള പദ്ധതി, സ്റ്റേറ്റ് അക്രഡിറ്റേഷൻ ആൻഡ് അസസ്‌മെന്റ് സെന്റർ, മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ്‌ഡോക്ടറൽ ഫെല്ലോഷിപ്പുകൾ, കൈരളി റിസർച്ച് അവാർഡുകൾ, ഉന്നതവിദ്യാഭ്യാസ സ്‌കോളർഷിപ്പ് പദ്ധതി, നൈപുണ്യവികസനത്തിനായി സെന്റർ ഫോർ സ്‌കിൽ ഡെവലപ്‌മെന്റ് കോഴ്‌സസ് ആൻഡ് കരിയർ പ്ലാനിംഗ് തുടങ്ങിയവ ഉൾപ്പെട്ടതാണ് മാറ്റങ്ങൾ. അന്താരാഷ്ട്ര കോൺക്ലേവ് 2025 ജനുവരി 14ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ആർ ബിന്ദു അധ്യക്ഷയാകും. നോബൽ പുരസ്‌ക്കാര ജേതാക്കൾ ഉൾപ്പെടെ വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളിലെ പ്രഗത്ഭർ ചടങ്ങിൽ പങ്കെടുക്കും. നിരവധി ശില്പശാലകളും പ്ലീനറി സെഷനുകളും പാരലൽ സെഷനുകളും കോൺക്ലേവിന്റെ ഭാഗമായി നടക്കും. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലെ അപ്ലൈഡ് ആർട്‌സ് വകുപ്പ് അധ്യക്ഷനായ അൻസാർ മംഗലതോപ്പാണ് കോൺക്ലേവിന്റെ ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്. Read on deshabhimani.com