ഷെയർ ട്രേഡിങ്‌ തട്ടിപ്പുസംഘം പിടിയിൽ



കൊല്ലം ഷെയർ ട്രേഡിങ്‌ തട്ടിപ്പ്‌ കേസിലെ പ്രതികൾ പിടിയിൽ. കോഴിക്കോട് കടലുണ്ടി ചാലിയം റിജുലാസ് വീട്ടിൽ അബ്ദുൽ റാസിക്ക് (39), കോഴിക്കോട് തലക്കുളത്തൂർ നെരവത്ത് ഹൗസിൽ അഭിനവ് (21), മലപ്പുറം തൂവൂർ തേക്കുന്ന് കൊറ്റങ്ങോടൻ വീട്ടിൽ മുഹമ്മദ് സുഹൈൽ (22)എന്നിവരാണ് പിടിയിലായത്. കൊല്ലം സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസിലും ഇരവിപുരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് ഒരു കേസിലുമായാണ് പ്രതികൾ പിടിയിലായത്. ഷെയർ ട്രേഡിങിലൂടെ വൻ തുക ലാഭം ഉണ്ടാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വാട്‌സാപ്‌ ഗ്രൂപ്പുകളിൽ അംഗമാക്കിയ ശേഷം പാൻകാർഡ്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മുതലായവ കൈക്കലാക്കിയും വ്യാജ ലാഭക്കണക്കുകൾ കാട്ടിയും വിശ്വാസം നേടിയശേഷം വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചാണ്‌ തട്ടിപ്പ്‌. കൊല്ലം സ്വദേശിയിൽനിന്ന്‌ 1.37കോടി രൂപയാണ് തട്ടിയത്. സംഘത്തിൽപ്പെട്ട ഷംസുദീനെ നേരത്തെ പിടികൂടിയിരുന്നു. സമാന രീതിയിൽ ഗോൾഡ് ട്രേഡിങിലൂടെ തങ്കശേരി സ്വദേശിയിൽനിന്ന് 37,03,270രൂപ അഭിനവ് ഉൽപ്പെട്ട സംഘം തട്ടി. മുണ്ടക്കൽ സ്വദേശിക്ക് 6,80,000-രൂപയാണ് നഷ്ടമായത്‌. കൊല്ലം സിറ്റി പൊലീസ് കമീഷണർ ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം ഡിസിആർബി എസിപി എ നസീറിന്റെ മേൽനോട്ടത്തിലുള്ള പൊലീസ് സംഘമാണ്‌ അന്വേഷണം നടത്തി പ്രതികളിലേക്ക്‌ എത്തിയത്‌. കൊല്ലം സിറ്റി സൈബർ ക്രൈം ഇൻസ്‌പെക്ടർ അബ്ദുൾ മനാഫിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ നിയാസ്, നന്ദകുമാർ, സിപിഒ ഹബീബ്, സൈബർ സെൽ ഉദ്യോഗസ്ഥരായ എഎസ്ഐ പ്രതാപൻ, എസ്‌സിപിഒ വിനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.   Read on deshabhimani.com

Related News