ഷെഫീഖ് വധശ്രമം: രണ്ടാനമ്മയ്ക്ക് 10 വർഷം തടവ്, അച്ഛന് 7 വർഷം
തൊടുപുഴ > കുമളിയിൽ നാലര വയസുകാരനായ ഷെഫീഖിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതിയായ അച്ഛൻ ഷെരീഫിന് 7 വർഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. രണ്ടാം പ്രതിയായ രണ്ടാനമ്മ അനീഷയ്ക്ക് 10 വർഷം തടവും ശിക്ഷ വിധിച്ചു. സംഭവം നടന്ന് 11 വർഷത്തിന് ശേഷമാണ് ശിക്ഷ വിധിക്കുന്നത്. 2013 ജൂലായ് 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷെഫീഖിന്റെ അച്ഛനും ഒന്നാം പ്രത്രിയുമായ ഷെരീഫ് ഗുരുതര പൊള്ളൽ ഏൽപിക്കൽ, ഗുരുതര പരിക്കേൽപിക്കൽ, സ്വമേധയാ ഉണ്ടാക്കുന്ന വ്രണപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചെയ്തു. ഷെഫീഖിൻ്റെ രണ്ടാനമ്മയും രണ്ടാം പ്രതിയുമായ അനീഷയ്ക്കെതിരെ ഈ മൂന്ന് വകുപ്പുകൾക്ക് പുറമേ വധശ്രമവും കണ്ടെത്തി. ഷെഫീക്കിനെ ഒഴിവാക്കണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ക്രൂരകൃത്യം. 2021ലാണ് കേസിൽ വിചാരണ തുടങ്ങിയത്. കഴിഞ്ഞ ആഗസ്‌തിൽ വിചാരണ പൂർത്തിയായിരുന്നു. സംഭവത്തിന് ശേഷം ഷെഫീഖ് വർഷങ്ങളായി അൽ അസ്ഹർ മെഡിക്കൽ കോളേജിന്റെ സംരക്ഷണയിലാണുള്ളത്. രാഗിണി എന്ന ആയയാണ് കുട്ടിയെ പരിചരിക്കുന്നത്. Read on deshabhimani.com