ഷിരൂരിൽ തിരച്ചിൽ വീണ്ടും അനിശ്ചിതത്വത്തിൽ
ബംഗളൂരു> കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കുടുങ്ങി കാണാതായ മലയാളി ലോറി ഡ്രൈവർ അർജുൻ അടക്കം മൂന്ന് പേർക്കായുള്ള തിരച്ചിൽ വീണ്ടും അനിശ്ചിതത്വത്തിൽ. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തിരച്ചിൽ ആരംഭിക്കുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ ആരംഭിച്ചിട്ടില്ല. നേവിക്ക് പുഴയിലെ ഡൈവിങിന് ജില്ലാ ഭരണകൂടം ഇതുവരെ അനുമതി നൽകിയില്ലെന്നാണ് റിപ്പോർട്ട്. അർജുനൊപ്പം രണ്ട് കർണാടക സ്വദേശികളെയും കണ്ടെത്തേണ്ടതുണ്ട്. അതേസമയം അർജുനെ ഒരു മാസമായിട്ടും കണ്ടെത്താത്ത സാഹചര്യത്തിൽ പ്രതിഷേധത്തിനൊരുങ്ങി കുടുംബം. അർജുന്റെ ട്രക്കുണ്ടെന്ന് കണ്ടെത്തിയ ഗംഗാവലി നദിയിൽ തിരച്ചിൽ വൈകുന്നതിനാലാണ് ഉത്തര കന്നഡ ജില്ലാ ഭരണസംവിധാനത്തിനെതിരെ കുടുംബം രംഗത്തെത്തിയത്. തിരച്ചിൽ പുനഃരാരംഭിക്കുന്നില്ലെങ്കിൽ കുടുംബമൊന്നാകെ ഷിരൂരിലെത്തി പ്രതിഷേധിക്കുമെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തിരച്ചിൽ വൈകിപ്പിക്കുകയാണ്. കാലാവസ്ഥ അനുകൂലമാണിപ്പോൾ. അടിയൊഴുക്കും കുറഞ്ഞു. എന്നിട്ടും നീന്തൽവിദഗ്‌ധൻ ഈശ്വർ മൽപെയെ ഗംഗാവലി പുഴയിൽ ഇറങ്ങാൻ സമ്മതിക്കുന്നില്ല. ജില്ലാ ഭരണസംവിധാനത്തിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ കാലാവസ്ഥ അനുകൂലമല്ലെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും ജിതിൻ പറഞ്ഞു. ജിതിനും അർജുന്റെ സഹോദരൻ അഭിജിത്തും കലക്ടറെ കാണാൻ ഷിരൂരിലേക്ക് തിരിച്ചിട്ടുണ്ട്. Read on deshabhimani.com