ചെമ്മീനൊപ്പം മറ്റ് സമുദ്രോൽപ്പന്നങ്ങൾക്കും നിരോധനം വരുന്നു ; നടപ്പാക്കുന്നത് 2026 ജനുവരി ഒന്നുമുതൽ
കൊച്ചി ചെമ്മീനൊപ്പം ഇന്ത്യയിൽനിന്നുള്ള എല്ലാ സമുദ്രോൽപ്പന്നങ്ങൾക്കും ഇറക്കുമതി ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം. കടലാമയ്ക്കുപിന്നാലെ സസ്തനികളുടെ സംരക്ഷണത്തിന്റെ പേരിലാണ് 2026 ജനുവരി ഒന്നുമുതൽ ഉപരോധം ഏർപ്പെടുത്താൻ നീക്കം നടത്തുന്നത്. സമുദ്ര സസ്തനികളെ സംരക്ഷിക്കാൻ 1972ൽ നിലവിൽവന്ന മറൈൻ മാമൽ പ്രൊട്ടക്‌ഷൻ ആക്ടിന്റെ ഭാഗമായാണ് തീരുമാനം. തിമിംഗിലം, ഡോൾഫിൻ (കടൽപ്പന്നി), വാൽറസ്, ഹിമക്കരടി, ഹിമസിംഹം, ഓട്ടർ, സീൽ തുടങ്ങിയവയെ സംരക്ഷിക്കുന്നതാണ് നിയമം. ഉപരോധത്തിനുമുന്നോടിയായി ഇന്ത്യയിലെ ഡോൾഫിനുകളുടെയും തിമിംഗിലങ്ങളുടെയും സ്ഥിതിവിവരക്കണക്ക് ശേഖരിക്കാൻ അമേരിക്ക നിർദേശിച്ചുകഴിഞ്ഞു. എംപിഇഡിഎയുടെ (സമുദ്രോൽപ്പന്ന കയറ്റുമതി വികസന അതോറിറ്റി) ശുപാർശയെ തുടർന്ന് ഫിഷറീസ് സർവേ ഓഫ് ഇന്ത്യയും കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമാണ് സർവേ നടത്തുന്നത്. ഇന്ത്യയിൽ എവിടെയും സസ്‌തനിയെ വലയിൽ പിടിക്കുന്നില്ലെന്നാണ് സിഎംഎഫ്ആർഐയുടെ പ്രാഥമിക റിപ്പോർട്ട്. 32 ഇനം കടൽ സസ്തനികളുള്ളതിൽ 18 എണ്ണത്തെക്കുറിച്ച് പരിശോധിച്ചു. തിമിംഗിലങ്ങളും ഡോൾഫിനുകളുമാണ് പ്രധാന പഠനവിഷയമാക്കിയത്. 0.1 ശതമാനംമാത്രമാണ് വലയിൽ കയറുന്നതെന്നും അവയെല്ലാം ജൈവസാധ്യതാപരിധിയിലും താഴെയാണെന്നുമാണ് സിഎംഎഫ്ആർഐയുടെ വിലയിരുത്തൽ. ചെമ്മീൻ കൂടാതെ ഇന്ത്യയിൽനിന്ന് ഞണ്ട്, ട്യൂണ, തിലാപ്പിയ, കിനാവള്ളി, കൊഞ്ച്, ചൂര, അലങ്കാരമീനുകൾ തുടങ്ങിയവയാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്. കടൽച്ചെമ്മീൻ കയറ്റുമതി വിലക്ക് ;കേന്ദ്രസർക്കാരിനെ സമീപിക്കും കടലാമ സംരക്ഷണത്തിന്റെ പേരിൽ കടൽച്ചെമ്മീൻ കയറ്റുമതിക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്കിനു പരിഹാരത്തിനായി കേന്ദ്രസർക്കാരിലേക്ക് കേരളം പ്രതിനിധി സംഘത്തെ അയക്കും. ബുധനാഴ്‌ച ചേർന്ന യോഗത്തിലാണ് തീരുമാനം. സംരക്ഷിത ഇനത്തിൽപ്പെട്ട കടലാമകൾ വലയിൽ കുടുങ്ങുന്നുവെന്നാണ് ഉപരോധത്തിന് അമേരിക്ക ചൂണ്ടിക്കാട്ടുന്നത്. അമേരിക്കൻ നിരോധനത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് രാജ്യങ്ങളും ചെമ്മീൻ പകുതിയിലേറെ വില കുറച്ചാണ് വാങ്ങുന്നത്. ഇത് മത്സ്യമേഖലയ്ക്ക് വലിയ തിരിച്ചടിയായി തുടരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ യോഗം വിളിച്ചത്. മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഗണിച്ചുമാത്രമേ ഇക്കാര്യത്തിൽ സർക്കാർ എന്തെങ്കിലും തീരുമാനം എടുക്കുകയുള്ളൂവെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇതിനുപുറമേ, ചെമ്മീൻ വിലയിടിവ് നേരിടാനായി വിപണി ഇടപെടൽ നടത്തത്തക്കവിധം പ്രൊപ്പോസൽ തയ്യാറാക്കി അടിയന്തരമായി സമർപ്പിക്കാൻ ഫിഷറീസ് വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. ചെമ്മീൻ വിലയിടിവ് പിടിച്ചുനിർത്തുന്ന നിലയിലുള്ള നിലപാട് സ്വീകരിക്കാനായി കയറ്റുമതിക്കാരുടെ സംഘടനാപ്രതിനിധികളോടും മന്ത്രി ആവശ്യപ്പെട്ടു. യോഗത്തിൽ ഡൽഹിയിലെ കേരള സർക്കാർ പ്രതിനിധി കെ വി തോമസ്, പി പി ചിത്തരഞ്ജൻ എംഎൽഎ, ഫിഷറീസ് സെക്രട്ടറി കെ എസ് ശ്രീനിവാസ്, ഡയറക്ടർ ബി അബ്‌ദുൾ നാസർ, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികൾ, ബോട്ടുടമകൾ, എക്സ്പോർട്ടേഴ്സ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു. Read on deshabhimani.com