ശ്രുതി മടങ്ങി വരുന്നു പുതുജീവിതത്തിലേക്ക്
കൽപ്പറ്റ > ഉരുൾപൊട്ടലിൽ അച്ഛനും അമ്മയും സഹോദരിയും അടക്കമുള്ള കുടുംബാംഗങ്ങളും വാഹനാപകടത്തിൽ പ്രതിശ്രുതവരൻ ജെൻസനും നഷ്‌ടമായ ശ്രുതി മടങ്ങി വരുന്നത് പുതുജീവിതത്തിലേക്ക്. ഇന്നലെയാണ് ശ്രുതി ആശുപത്രി വിട്ടത്. പത്ത് ദിവസത്തിന് ശേഷമാണ് വാടകവീട്ടിലെത്തിയത്. ജെൻസനൊപ്പമുള്ള വാഹനാപകടത്തിൽ ഇരുകാലുകൾക്കും പരിക്കേറ്റ് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ശ്രുതി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് മുണ്ടേരിയിലുള്ള വാടക വീട്ടിലേക്ക് മാറിയത്. മുണ്ടക്കൈ ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയുമടക്കം കുടുംബത്തിലെ ഒമ്പതുപേർ ഇല്ലാതായപ്പോൾ പ്രതിശ്രുത വരൻ ജെൻസനായിരുന്നു ആശ്രയം. ജെൻസന്‍റെ കുടുംബം എപ്പോഴും തന്നോട് ഒപ്പം ഉണ്ട്. ഇച്ചായൻ നടത്തിയിരുന്ന ബിസിനസ്, അദ്ദേഹത്തിന്‍റെ ഓർമ്മക്കായി ഏറ്റെടുത്ത് നടത്തണമെന്നാണ് ആഗ്രഹം- ശ്രുതി പറഞ്ഞു. 10ന് ജെൻസനും ശ്രുതിയും ബന്ധുക്കളും സഞ്ചരിച്ച വാൻ വെള്ളാരംകുന്നിന് സമീപം സ്വകാര്യ ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ജെൻസൻ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കാലിന് ഗുരുതരപരിക്കേറ്റ ശ്രുതി ചികിത്സ തുടരേണ്ടതുണ്ട്. പിതൃസഹോദരിയുടെ മക്കളായ ലാവണ്യ, അനൂപ്, അരുൺ എന്നിവരാണ് ദുരന്തത്തിൽ അവശേഷിച്ചത്. ഇവർ വാടവീട്ടിൽ ശ്രുതിക്ക് കൂട്ടായുണ്ട്. Read on deshabhimani.com