സിമിയെ പുറത്താക്കി ; നടപടി കോൺഗ്രസിലെ പവർഗ്രൂപ്പിനെ വിമർശിച്ചതിന് പിന്നാലെ



തിരുവനന്തപുരം ചൂഷണത്തിന്‌ വഴങ്ങിയാലേ കോൺഗ്രസിൽ സ്‌ത്രീകൾക്ക്‌ അവസരം ലഭിക്കൂ എന്ന്‌ തുറന്നുപറഞ്ഞ  സിമി റോസ്‌ബെൽ ജോണിനെ കോൺഗ്രസ്‌ പ്രാഥമികാംഗത്വത്തിൽനിന്ന്‌ പുറത്താക്കി. കോൺഗ്രസിലെ സ്ത്രീകളുടെ ദുരനുഭവത്തെക്കുറിച്ചും പ്രതിപക്ഷ നേതാവുൾപ്പെട്ട പവർഗ്രൂപ്പിനെക്കുറിച്ചും പറഞ്ഞതിന്‌ പിന്നാലെയാണ്‌ കെപിസിസി നടപടി.  നേതാക്കൾക്ക്‌ വഴങ്ങിക്കൊടുക്കാത്തവരെ തഴയുകയാണെന്ന്‌ പറഞ്ഞത്‌ വനിതാ നേതാക്കളെ  അധിക്ഷേപിക്കലാണെന്നാണ്‌ കെപിസിസിയുടെ കണ്ടെത്തൽ. വനിതാ നേതാക്കളെയും പ്രവർത്തകരെയും മാനസികമായി തകർക്കുകയും മാനഹാനി ഉണ്ടാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സിമിയുടെ  ആക്ഷേപമെന്ന്‌ കെപിസിസി പത്രക്കുറിപ്പിൽ പറയുന്നു.    ചൂഷണം തുറന്നുപറഞ്ഞ സിമിയെ പ്രതിരോധിക്കാൻ  വനിതാ നേതാക്കളെയാണ്‌ കോൺഗ്രസ്‌ ചുമതലപ്പെടുത്തിയത്‌. ഷാനിമോൾ ഉസ്‌മാൻ, ജെബി മേത്തർ, ബിന്ദു കൃഷ്‌ണ, പി കെ ജയലക്ഷ്‌മി, ദീപ്തി മേരി വർഗീസ്‌, ആലിപ്പറ്റ ജമീല, കെ എ തുളസി എന്നിവർ സിമിക്കെതിരെ എഐസിസിക്ക്‌ പരാതി നൽകി.  എഐസിസിക്ക്‌ പരാതി നൽകിയിട്ട്‌ പരിഹാരമുണ്ടായില്ലെന്ന്‌ കഴിഞ്ഞ ദിവസം സിമി പറഞ്ഞിരുന്നു. നേതാക്കൾ മോശമായി പെരുമാറിയെന്ന്‌ പല സ്ത്രീകളും പറഞ്ഞിട്ടുണ്ടെന്നും വി ഡി സതീശന്റെ ഗുഡ്‌ബുക്കിൽ ഇടമില്ലാത്തതിനാലാണ്‌ സ്ഥാനങ്ങൾ നിഷേധിക്കപ്പെടുന്നതെന്നും സിമി പറഞ്ഞു. ‘‘ആത്മാഭിമാനമുള്ള സ്‌ത്രീകൾക്ക്‌ 
കോൺഗ്രസിൽ പ്രവർത്തിക്കാനാകില്ല’’    ആത്മാഭിമാനമുള്ള  സ്ത്രീകൾക്ക്‌ കോൺഗ്രസിൽ പ്രവർത്തിക്കാനാകില്ലെന്ന്‌ സിമി റോസ്‌ബെൽ ജോൺ. കോൺഗ്രസിൽനിന്ന്‌ പുറത്താക്കിയ ശേഷം പ്രതികരിക്കുകയായിരുന്നു അവർ. ‘കോൺഗ്രസിൽനിന്ന്‌ പുറത്താക്കിയതിന്റെ കാരണം വിശദീകരിക്കാൻ നേതാക്കൾ തയ്യാറാകണം. സിപിഐ എമ്മുമായി ഗൂഢാലോചന നടത്തിയതിന്റെ പേരിൽ പുറത്താക്കിയെന്നാണ്‌ നേതാക്കൾ പറയുന്നത്‌. അതുസംബന്ധിച്ച്‌ എന്തെങ്കിലും തെളിവുണ്ടെങ്കിൽ പുറത്തുവിടണം. പാർടിയിൽ പ്രവർത്തിക്കുന്ന സ്‌ത്രീകളെ തുടർച്ചയായി കുഴിച്ചുമൂടുന്നു. ഷാഹിദ കമാൽ, ലതിക സുഭാഷ്‌, റോസക്കുട്ടി, പത്മജ വേണുഗോപാൽ, ശോഭന ജോർജ്‌ തുടങ്ങിയവരെ കറിവേപ്പിലപോലെ എടുത്തുകളഞ്ഞു. കാലങ്ങളായി കടുത്ത അവഗണനയാണ്‌ കോൺഗ്രസിൽനിന്ന്‌ നേരിടുന്നത്‌. കൂടുതൽ പറയിപ്പിക്കരുത്‌. സ്‌ത്രീകളുടെ ശബ്ദമായി മാറിയതാണോ തെറ്റെന്ന്‌ കോൺഗ്രസ്‌ വ്യക്തമാക്കണം’–-  മാധ്യമങ്ങളോട്‌ സിമി പറഞ്ഞു. അന്വേഷണം വേണം: 
ഡിവൈഎഫ്‌ഐ പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ സിമി റോസ്ബെൽ ജോൺ ഉന്നയിച്ച ആരോപണത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന്‌ ഡിവൈഎഫ്‌ഐ. സഹപ്രവർത്തകയുടെ പരാതി കണക്കിലെടുത്ത് വി ഡി സതീശൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉന്നയിക്കാൻ മഹിളാ കോൺഗ്രസും യൂത്ത്‌കോൺഗ്രസും തയ്യാറാകണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്താവനയിൽ പറഞ്ഞു. കോൺഗ്രസിൽ അവസരം ലഭിക്കാൻ ചൂഷണത്തിന് വഴങ്ങേണ്ട സ്ഥിതിയാണെന്നും പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിൽ പവർഗ്രൂപ്പ്‌ പ്രവർത്തിക്കുന്നുവെന്നും സതീശന്റെ ഗുഡ്ബുക്കിൽ ഇടംപിടിക്കാത്തതിനാൽ പല സ്ഥാനങ്ങളിൽനിന്നും തഴയപ്പെട്ടെന്നുമാണ്‌ സിമി തുറന്നുപറഞ്ഞത്‌. വെളിപ്പെടുത്തൽ പുറത്തുവന്ന്‌ ഒരുദിവസം പിന്നിട്ടിട്ടും മഹിളാ, യൂത്ത്‌കോൺഗ്രസ്‌ നേതൃത്വം പ്രതികരിച്ചിട്ടില്ല.   പ്രതിപക്ഷനേതാവ് വി ഡി സതീശൻ കേരളത്തിന് അപമാനമാണെന്നും  സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News