സ്കൂളിൽ വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
നെയ്യാറ്റിൻകര > ചെങ്കൽ ഗവ. യുപിഎസിലെ ഏഴാം ക്ലാസുകാരിക്ക് ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേറ്റ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് നിർദ്ദേശം നൽകിയത്. മേക്കോണം ജയൻ നിവാസിൽ ഷിബുവിന്റെയും ബീനയുടെയും മകൾ നേഹ (12)യ്ക്കാണ് പാമ്പുകടിയേറ്റത്. വെള്ളി പകൽ 12-ന് ക്ലാസ് മുറിയിൽ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം. നേഹയുടെ വലത് കാൽപാദത്തിലാണ് കടിയേറ്റത്. ഈ സമയം മറ്റുകുട്ടികളും അടുത്തുണ്ടായിരുന്നു. നേഹയെ സ്‌കൂൾ അധികൃതർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചു. വീട്ടുകാരെയും അറിയിച്ചു. അണലി ഇനത്തിലുള്ള പാമ്പാണ് കടിച്ചതെന്നാണ് വിവരം. നേഹ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. Read on deshabhimani.com