സോബി 
സൂര്യഗ്രാമം
 അന്തരിച്ചു



കുന്നംകുളം പ്രശസ്ത നാടക നടനും സംവിധായകനുമായ  സോബി സൂര്യഗ്രാമം (54)  അന്തരിച്ചു. ചൂണ്ടൽ പയ്യൂർ കണ്ണംഞ്ചേരി ഭാസ്കരൻ–- ജാനകി ദമ്പതികളുടെ മകനാണ്‌. അർബുദ ചികിത്സക്കായി തൃശൂരിലെ  സ്വകാര്യ ആശുപത്രിയിൽ കഴിയവെ വ്യാഴം രാത്രിയിലായിരുന്നു അന്ത്യം.  1992, 94, 96 വർഷങ്ങളിൽ സംസ്ഥാന അമേച്വർ നാടക പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. 1992 ൽ ഇർഷാദ് അലിയെ പ്രധാന കഥാപാത്രമായി  സംവിധാനം ചെയ്ത കാക്കാലൻ എന്ന നാടകത്തിലൂടെയാണ് ശ്രദ്ധേയനായത്. 1994 ൽ  സക്കീർ ഹുസൈന്റെ മ്യൂസിക്‌ ഓഫ്‌ ഡെസേർട്ടിന്റെ രംഗഭാഷ്യം അന്താരാഷ്ട്ര പ്രശംസ നേടി. അയനസ്‌കോയുടെ കണ്ടാമൃഗം, കണ്ണൂർ മയ്യിൽ നാടകക്കൂട്ടത്തിനു വേണ്ടി ഒരുക്കിയ ‘ഇരുൾവഴിയിലെ കനൽനക്ഷത്രം’  എന്നിവയും ശ്രദ്ധേയമായി.  സൈലൻസ് എന്ന നാടകം അരങ്ങിലെത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് അരങ്ങൊഴിയുന്നത്. യുഎഇയിലും കേരളത്തിലുമായി നാൽപ്പതോളം നാടകങ്ങളും നിരവധി തെരുവവതരണങ്ങളും ഒരുക്കിയിട്ടുണ്ട്‌. കേരള പ്രവാസിസംഘം ചുണ്ടൽ പഞ്ചായത്ത്‌ കമ്മിറ്റി അംഗവും നാടക്‌ സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്നു. മൃതദേഹം വെള്ളി പകൽ 2ന്‌ തൃശൂർ മെഡിക്കൽ കോളേജിന്‌ കൈമാറും. ഭാര്യ: സ്മിത. മകൻ: അമൻ ഭാസ്. Read on deshabhimani.com

Related News