മോദി ഭരണത്തിൽ ദളിതരും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുന്നു: ശബ്‌നം ഹാഷ്മി



തേഞ്ഞിപ്പലം> മോദി ഭരണത്തിൽ ദളിതരും ന്യൂനപക്ഷങ്ങളും കടുത്ത ആക്രമണത്തിന് വിധേയമാകുകയാണെന്ന് സാമൂഹ്യ പ്രവർത്തക ശബ്നം ഹാഷ്മി പറഞ്ഞു. കലിക്കറ്റ് സർവകലാശാലാ ഇ എം എസ് ചെയർ സംഘടിപ്പിച്ച ‘പാർശ്വവത്ക്കരിക്കപ്പെട്ടവരുടെയും ന്യൂനപക്ഷങ്ങളുടെയും നേർക്കുള്ള അതിക്രമങ്ങൾ' ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.    ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും നേരെയുള്ള ആക്രമണത്തിൽ 2014ന് ശേഷമുള്ള നാലുവർഷത്തിൽ 27.3 ശതമാനം വർധനയുണ്ടായി. ഹത്രാസ്, കത്വാ, ബൽക്കീസ് ബാനു തുടങ്ങിയ സംഭവങ്ങളിൽ കുറ്റക്കാരുടെ ജയിൽ മോചനം ആഘോഷമാക്കി. ഉത്തരേന്ത്യയിൽ മുസ്ലിങ്ങൾ ഭയത്തോടെയാണ് ജീവിക്കുന്നത്. ഗോസംരക്ഷണത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ അതിക്രമം നേരിട്ടത്‌ മുസ്ലിങ്ങളും ദളിതരുമാണ്.   ബുൾഡോസർ രാജിൽ തങ്ങളുടെ വീടുകൾ ഏത് നിമിഷവും തകർക്കപ്പെട്ടേക്കാമെന്ന ഭീതിയിലാണവർ. ആശങ്കാജനകമായ സ്ഥിതിവിശേഷത്തിനെതിരെ ഒന്നിക്കുകയും പ്രതികരിക്കുകയും വേണം. ന്യൂനപക്ഷ സ്കോളർഷിപ്പുകളും മറ്റും നിർത്തലാക്കുന്നത് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നും അവർ പറഞ്ഞു. ചെയർ വിസിറ്റിങ്‌ പ്രൊഫസർ ഡോ. കെ വി മോഹനൻ അധ്യക്ഷനായി. കലിക്കറ്റ് യൂണിവേഴ്സിറ്റി  എംപ്ലോയീസ് യൂണിയൻ സെക്രട്ടറി വി എസ് നിഖിൽ സംസാരിച്ചു. ചെയർ കോ–-ഓർഡിനേറ്റർ പി അശോകൻ സ്വാഗതവും വി സ്റ്റാലിൻ നന്ദിയും പറഞ്ഞു.  Read on deshabhimani.com

Related News