പഴമയിലല്ലേ പുതുമ; ശ്രദ്ധേയമായി സൗത്ത് ഇന്ത്യൻ ക്ലാസിക് റാലി

തേക്കടിയിലെത്തിയ വിന്റേജ് ആഡംബര വാഹനങ്ങള്‍


പീരുമേട്> അരനൂറ്റാണ്ട് മുമ്പ് വരെയും നിരത്തുകൾ കീഴടക്കിയിരുന്ന വിദേശ ആഡംബര വാഹനങ്ങളുടെ റാലി ശ്രദ്ധേയമായി. കൊച്ചിയിൽ നിന്നും പുറപ്പെട്ട സൗത്ത് ഇന്ത്യൻ ക്ലാസിക് റാലിയാണ് ചൊവ്വാഴ്ച ഉച്ചയോടെ തേക്കടിയിൽ എത്തിയത്. പഴയ ആഡംബര വാഹനങ്ങൾ  അപൂർവമായി കണ്ടിട്ടുള്ള പഴയതലമുറയ്ക്കും ആദ്യമായി കാണുന്ന പുതുതലമുറക്കും വാഹനനിര സൃഷ്ടിച്ച കാഴ്ചകൾ കൗതുകമായി. വിദേശത്തുനിന്നും കപ്പലിൽ ഗോവയിൽ എത്തിച്ച വാഹനങ്ങൾ റോഡ് മാർഗം തിങ്കളാഴ്ചയാണ് കൊച്ചിയിലെത്തിയത്. കൊച്ചിയിൽനിന്നും പുറപ്പെട്ട സംഘം  മുണ്ടക്കയം വഴി കൊട്ടാരക്കര -ഡിണ്ടിഗൽ ദേശീയപാതയിലൂടെ ആയിരങ്ങളെ ആകർഷിച്ച് തേക്കടിയിൽ എത്തിയത്. പോർഷേ, ബെൻസ്, വോൾവോ തുടങ്ങി നിരവധി വിദേശ ആഡംബര കമ്പനികളുടെ 1980 മോഡലിലുള്ള വാഹനങ്ങളാണ് ക്ലാസിക് റാലിയിൽ അണിനിരന്നത്. വിന്റേജ്  കളക്ഷൻ വാഹനങ്ങളുമായി ലണ്ടനിൽനിന്നുമാണ്  വിനോദ സഞ്ചാരികളായ സംഘം ഇന്ത്യയിൽ എത്തിയത്. കടന്നുപോയപ്പോൾ മുഴുവൻ ആളുകൾക്കും കൗതുകകരമായ കാഴ്ച കൂടിയായിരുന്നു. ഓരോ വാഹനങ്ങളും ഏകദേശം ഒന്നരക്കോടി രൂപയ്ക്ക് മുകളിൽ വില വരുന്നവയാണ്.  സീനിയർ സിറ്റിസൺ ആയിട്ടുള്ള ലണ്ടൻ നിവാസികളാണ് വാഹനവുമായി കേരളം കാണാൻ എത്തിയത്. ബുധൻ രാവിലെ മൂന്നാറിലേക്ക് തിരിക്കും. തുടർന്ന് അടുത്ത ദിവസം തമിഴ്നാട്ടിലേക്ക് കടക്കും. 21  ആഢംബര വാഹനങ്ങളിൽ 51 ഇംഗ്ലണ്ടുകാരാണ് എത്തിയിരിക്കുന്നത്. Read on deshabhimani.com

Related News