വയനാട്ടിൽ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക മൊഡ്യൂളും പരിശീലനവും സജ്ജമാക്കാൻ വിദ്യാഭ്യാസ വകുപ്പ്



തിരുവനന്തപുരം> ഉരുള്‍പൊട്ടല്‍ ദുരന്തം അതിജീവിച്ച കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്കുള്ള മാനസിക പിന്തുണാ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാൻ വിദ്യാഭ്യാസ വകുപ്പ്. ഇതിന്റെ ഭാ​ഗമായി വിദ്യാര്‍ഥികള്‍ക്ക് എസ്എസ്കെ, എസ്‍സിഇആര്‍ടി എന്നിവയുടെ സംയുക്ത സഹകരണത്തില്‍ പ്രത്യേകം മൊഡ്യൂളുകള്‍ സജ്ജമാക്കും. ആ​ഗസ്ത് 29 മുതല്‍ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം ആരംഭിക്കും. പരിശീലനം ലഭിച്ച അധ്യാപകരാണ് കുട്ടികള്‍ക്ക് ക്ലാസ് എടുക്കുക. ദുരന്തബാധിതരായ ആളുകളെ മാറ്റിപ്പാര്‍പ്പിച്ച മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസ് ആരംഭിച്ചു. സ്‌കൂളില്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്രത്യേകം സജ്ജീകരണങ്ങള്‍ ഒരുക്കിയാണ് ഇവർക്കുള്ള ക്ലാസുകള്‍ നല്‍കുന്നത്. വെള്ളരിമല വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മുണ്ടകൈ ഗവ എല്‍പി സ്‌കൂള്‍ എന്നിവയ്ക്ക് പുറമെ മേപ്പാടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മേപ്പാടി സെന്റ് ജോസഫ് യുപി സ്‌കൂള്‍, മേപ്പാടി സെന്റ് ജോസഫ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഗവ ഹൈസ്‌കൂള്‍ റിപ്പണ്‍, അരപ്പറ്റ സിഎംഎസ് സ്‌കൂളുകളിലെ ഒന്നാംപാദ പരീക്ഷകള്‍ മാറ്റുന്നത് സംബന്ധിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധിക സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സ്‌കൂളിലെ ഡൈനിങ് ഹാളിന് മുകള്‍ നിലയില്‍ രണ്ട് നിലയില്‍ എട്ട് ക്ലാസ് മുറികളും അനുബന്ധ ശുചിമുറി സംവിധാനവും ഒരുക്കുന്നതിന് ബില്‍ഡിങ് കോണ്‍ട്രോക്ടര്‍ അസോസിയേഷനുമായി ധാരണയായി. വെള്ളരിമല ഹയര്‍സെക്കന്‍ഡറി, മുണ്ടക്കൈ എല്‍പി സ്‌കൂളുകളിലെ നഷ്ടപ്പെട്ട മുഴുവന്‍ പാചക ഉപകരണങ്ങളും പുനസ്ഥാപിക്കുന്നതിന് വിവിധ എന്‍ജിഒ സംഘടനകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി എ ശശീന്ദ്രവ്യാസ് പറഞ്ഞു. ലാപ്ടോപ്പ്, കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍, ഐടി ലാബ് എന്നിവ കൈറ്റിന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കും. Read on deshabhimani.com

Related News