സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം ഇന്ന് സമാപിക്കും ; കോഴിക്കോട്‌ മുന്നിൽ

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ഒപ്പനയ്‌ക്ക് തയ്യാറെടുക്കുന്ന കോഴിക്കോട്‌ കൊളത്തറ സിഎച്ച്എസ്എസിലെ വിദ്യാർഥിനികൾ സെൽഫിയെടുക്കുന്നു


കണ്ണൂർ സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ ഇഞ്ചോടിഞ്ച്‌ പോരാട്ടം. രണ്ടാം ദിവസത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ ആദ്യദിനവും രണ്ടാംദിനം പകുതിവരെയും മുന്നിൽനിന്ന തിരുവനന്തപുരത്തെ പിന്തള്ളി  കോഴിക്കോട്‌ (383) കിരീട പോരാട്ടത്തിൽ മുന്നിലാണ്‌. 344 പോയിന്റുള്ള തൃശൂരാണ്‌ രണ്ടാമത്‌. 331 പോയിന്റുമായി മലപ്പുറമാണ്‌ മൂന്നാം സ്ഥാനത്ത്‌. ആതിഥേയരായ കണ്ണൂർ 175 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്‌. വെള്ളിയാഴ്‌ച നാടോടിനൃത്തം, സംഘനൃത്തം, ഒപ്പന,  ബാൻഡ്‌മേളം,  കഥാപ്രസംഗം, മിമിക്രി, കഥാരചന,  ഉപകരണസംഗീതം, മാപ്പിളപ്പാട്ട്‌, മോണോ ആക്ട്‌ തുടങ്ങിയവ അരങ്ങേറി. സമാപന ദിവസമായ ശനിയാഴ്‌ച കേൾവിപരിമിതിയുള്ളവരുടെ തിരുവാതിര, മൈം, മോണോആക്ട്‌, ദേശീയഗാനം, പദ്യംചൊല്ലൽ എന്നിവയും കാഴ്‌ചപരിമിതിയുള്ളവരുടെ സംഘഗാനം, ശാസ്‌ത്രീയ സംഗീതം, കഥാകഥനം, പ്രസംഗം എന്നിവയും നടക്കും. സമാപന സമ്മേളനം വൈകിട്ട്‌ അഞ്ചിന്‌ സ്‌പീക്കർ എ എൻ ഷംസീർ ഉദ്‌ഘാടനംചെയ്യും.  ഭിന്നശേഷി കമീഷണർ ഡോ. പി ടി ബാബുരാജ്‌ സമ്മാനങ്ങൾ നൽകും.  Read on deshabhimani.com

Related News