"ബീജദാനം ചെയ്യൂ.. ലക്ഷങ്ങൾ സമ്പാദിക്കൂ' ; "പത്ത് ലക്ഷം രൂപ വരെ വാഗ്ദാനം'
കൊച്ചി ബീജദാനം നടത്തി ലക്ഷങ്ങൾ സമ്പാദിക്കാമോ? ചോദ്യത്തിന് ഉത്തരം ആലോചിക്കുംമുമ്പ് നിങ്ങൾക്കുമുന്നിൽ ഓഫറുകളുടെ പെരുമഴ പെയ്യും. ഒരു കുടുംബത്തിനെ രക്ഷിക്കാൻ നിങ്ങൾക്കാകുമെന്ന ടാഗ്‌ലൈനോടെ വൈകാരികമായിട്ടായിരിക്കും സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ വരിക. ഒപ്പം നിങ്ങൾക്ക് നല്ലൊരു സമ്പാദ്യവും വാഗ്‌ദാനം ചെയ്യും. ബീജദാനത്തിന്റെ പേരിൽ പണം തട്ടുന്ന സൈബർ സംഘങ്ങൾ സജീവമാകുന്നതായി സൈബർ പൊലീസും സൈബർ സുരക്ഷാ വിദഗ്‌ധരും മുന്നറിയിപ്പ് നൽകുന്നു. നിങ്ങൾ ഓകെ പറഞ്ഞാൽ പിന്നെ കാര്യങ്ങൾ വിശദമായി പറഞ്ഞുതരും. വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഗർഭിണിയാകാത്ത ധനികരായ സ്‌ത്രീകൾക്കും വലിയ ആശുപത്രികൾക്കുമാണ് ബീജം കൈമാറുകയെന്നും സംഘം പറയും. നിങ്ങളുടെ ബീജം ഉപയോഗിച്ച് സ്‌ത്രീ ഗർഭിണിയായാൽ പത്തുലക്ഷത്തിലധികം രൂപ ലഭിക്കുമെന്നും മോഹനവാഗ്‌ദാനം. പ്രായത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ബീജം ശേഖരിക്കുന്നതെന്നും സംഘം അവകാശപ്പെടും. ഈ പദ്ധതിയിൽ രജിസ്‌റ്റർ ചെയ്യാൻ ഫീസായി ചോദിക്കുക 5000 മുതൽ 10,000 രൂപവരെ. സംഘം നൽകുന്ന ബാങ്ക് അക്കൗണ്ടിലോ പേമെന്റ് ആപ് വഴിയോ പണം നൽകിയാൽ പിന്നെ ‘ബീജശേഖരണ’ സംഘം നിങ്ങളുമായുള്ള ബന്ധം ഉപേക്ഷിക്കുമെന്ന് സൈബർ സുരക്ഷാ വിദഗ്‌ധൻ ജിയാസ് ജമാൽ പറയുന്നു. ഇത്തരം തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടാൽ ഉടൻ പൊലീസിലോ ദേശീയ സൈബർ ക്രൈം പോർട്ടലായ 1930 നമ്പറിലോ പരാതി രജിസ്‌റ്റർ ചെയ്യണമെന്നും ജിയാസ് ജമാൽ പറഞ്ഞു. Read on deshabhimani.com