കോളേജ്‌ വിദ്യാർഥികൾക്കായി സ്‌പോര്‍ട്സ് ലീഗ് , എല്ലാ കോളേജുകളിലും സ്‌പോര്‍ട്‌സ് ക്ലബ് ; രാജ്യത്ത് ആദ്യം



തിരുവനന്തപുരം രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാർഥികൾക്കായി പ്രത്യേക സ്‌പോർട്സ് ലീഗ് സംഘടിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. മികച്ച കായിക സംസ്‌കാരം വാർത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാന സൗകര്യ വികസനംകൂടി ലക്ഷ്യമിട്ടാണ് കായികവകുപ്പുമായി ചേർന്ന് സ്‌പോര്‍ട്സ്‌ ലീഗിന്‌ തുടക്കമിടുന്നതെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി എല്ലാ കോളേജുകളിലും സ്‌പോർട്‌സ് ക്ലബുകൾ തുടങ്ങും. സ്‌പോർട്‌സ് ക്ലബുകളെ ഏകോപിപ്പിക്കാൻ ജില്ലാതല കമ്മിറ്റികൾ ഉണ്ടാകും. കമ്മിറ്റിയിൽ ഉന്നതവിദ്യാഭ്യാസ, കായിക വകുപ്പുകളുടെ ഉദ്യോഗസ്ഥരും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഭാരവാഹികളും കായിക സംഘടനാ പ്രതിനിധികളും മുൻതാരങ്ങളുമുണ്ടാകും. സംസ്ഥാനതല സാങ്കേതിക സമിതിക്കാകും ജില്ലാ സമിതികളുടെ നിയന്ത്രണം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത വിദ്യാഭ്യാസമന്ത്രിയും കായികമന്ത്രിയും വൈസ്‌ ചാൻസലർമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംസ്ഥാനതല സമിതിയാകും ഭരണനിർവഹണ സമിതി. ഫുട്‌ബോൾ, ക്രിക്കറ്റ്, വോളിബോൾ, കബഡി ഇനങ്ങളിലാണ് ആദ്യഘട്ടത്തിൽ സ്‌പോർട്‌സ്‌ ലീഗ് ആരംഭിക്കുക. ഭാവിയിൽ ബാസ്‍ക്കറ്റ്‌ ബോൾ ഉൾപ്പെടെ കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്തും. സംസ്ഥാനത്തെ കോളേജുകളെ നാലു മേഖലകളായി തിരിച്ച് മൂന്നുമുതൽ ആറുമാസം വരെ നീളുന്ന ലീഗാണ് നടത്തുക. പ്രൊഫഷണൽ ലീഗുകളുടെ മാതൃകയിൽ 'ഹോം ആൻഡ് എവേ' മത്സരങ്ങളാണ് നടക്കുക.  ജില്ലാതല സമിതികളാണ് കോളേജ് ലീഗിനുള്ള ടീമുകളെ തെരഞ്ഞെടുക്കുക. ഓരോ മേഖലയിൽനിന്നും മുന്നിലെത്തുന്ന നാല് ടീമുകൾ സംസ്ഥാന ലീഗിൽ മത്സരിക്കും. ഓരോ കായിക ഇനത്തിലും 16 ടീം സംസ്ഥാനതല മത്സരത്തിനെത്തും. മത്സരങ്ങൾ നിരീക്ഷിക്കാൻ പ്രൊഫഷണൽ ലീഗിൽനിന്നുള്ള വിദഗ്ധരും പ്രൊഫഷണൽ കളിക്കാരും എത്തും. സ്‌പോർട്സ് ലീഗിന്റെ തീയതി പിന്നീട് പ്രഖ്യാപിക്കും. ലക്ഷ്യം കായികരംഗത്തെ 
സ്വയംപര്യാപ്തത: മന്ത്രി സ്‌പോർട്‌സ് ക്ലബുകൾക്ക് ഭാവിയിൽ സ്വന്തംനിലയിൽ വരുമാനമുണ്ടാക്കാൻ സാധിക്കുന്ന രീതിയിലാണ്‌ സ്‌പോർട്സ് ലീഗ് വിഭാവനം ചെയ്‌തിരിക്കുന്നതെന്ന് കായികമന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. സ്‌പോർട്സ് ലീഗ്‌ കായികരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാൻ കോളേജുകളെ വഴിയൊരുക്കും. കോളേജ് ലീഗിൽ മികച്ച പ്രകടനം നടത്തുന്നവർക്ക് പ്രൊഫഷണൽ ലീഗിലേക്കും വഴിയൊരുങ്ങും. സ്‌പോർട്സ് എൻജിനിയറിങ്, സ്‌പോർട്സ് മെഡിസിൻ, സ്‌പോർട്സ് മാനേജ്മെന്റ് മേഖലകളിൽ ഉണർവും വളർച്ചയും പദ്ധതി വഴി കൈവരിക്കാനാകും. അന്താരാഷ്ട്ര കായിക ഉച്ചകോടിയിൽ ഉയർന്നുവന്ന സുപ്രധാന ആശയങ്ങളിലൊന്നായിരുന്നു ഇതെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News