വേഗക്കാറ്റായി
 അൻസ്വാഫ്‌, ശ്രേയ



കൊച്ചി കേരള സ്‌കൂൾ കായികമേളയിലെ വേഗമേറിയ താരങ്ങളായി അൻസ്വാഫ്‌ കെ അഷ്‌റഫും ആർ ശ്രേയയും. സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ 10.81 സെക്കൻഡിലാണ്‌ എറണാകുളം കീരമ്പാറ സെന്റ്‌ സ്‌റ്റീഫൻസ്‌ എച്ച്‌എസ്‌എസിലെ അൻസ്വാഫ്‌ ചാമ്പ്യനായത്‌. പെൺകുട്ടികളിൽ ജൂനിയർ വിഭാഗത്തിലാണ്‌ വേഗക്കാരി. ആലപ്പുഴ സെന്റ്‌ ജോസഫ്‌ എച്ച്‌എസ്എസിലെ ശ്രേയ 12.54 സെക്കൻഡിലാണ്‌ ദൂരം  പൂർത്തിയാക്കിയത്‌. സീനിയർ പെൺകുട്ടികളേക്കാൾ മികച്ച സമയം. സീനിയർ വിഭാഗത്തിൽ തിരുവനന്തപുരം ജി വി രാജ സ്‌പോർട്‌സ്‌ സ്‌കൂളിലെ ഇ പി രഹ്‌ന രഘുവാണ്‌ ചാമ്പ്യൻ. സമയം 12.62 സെക്കൻഡ്‌. അത്‌ലറ്റിക്‌സിന്റെ രണ്ടാംദിനം മലപ്പുറം മുന്നേറ്റം തുടർന്നു. എട്ട്‌ സ്വർണവും ആറ്‌ വെള്ളിയും അഞ്ച് വെങ്കലവുമായി 63 പോയിന്റ്‌. നിലവിലെ ജേതാക്കളായ പാലക്കാടാണ്‌ രണ്ടാമത്‌. ഏഴ്‌ സ്വർണം ഉൾപ്പെടെ 52 പോയിന്റ്‌. മൂന്നാമത്‌ 38 പോയിന്റുമായി എറണാകുളം. രണ്ടാംദിനം ഒരു റെക്കോഡാണ്‌ പിറന്നത്‌. സീനിയർ പെൺകുട്ടികളുടെ പോൾവോൾട്ടിൽ മാർ ബേസിൽ സ്‌കൂളിന്റെ ജീന ബേസിൽ റെക്കോഡിട്ടു. നീന്തലിൽ തിരുവനന്തപുരം ചാമ്പ്യൻമാരായി. ഗെയിംസ്‌ ഓവറോൾ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ബഹുദൂരം മുന്നിലാണ്‌. Read on deshabhimani.com

Related News