സ്പെഷ്യല്‍ ട്രെയിനുകള്‍ 
പേരിന്‌; ഓണക്കാല യാത്ര 
ദുഷ്‌കരമാകും



കാഞ്ഞങ്ങാട് > ഓണമടുത്തിട്ടും പേരിനുമാത്രം സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച്  റെയിൽവേ യാത്രക്കാരെ വലക്കുന്നു. നാമമാത്രമായി ഏർപ്പെടുത്തിയ  സ്പെഷ്യൽ ട്രെയിനുകളും കോച്ചുകളും ഓണക്കാല യാത്രക്കാരുടെ വൻതിരക്ക് കണക്കിലെടുക്കുമ്പോൾ തീരെ പരിമിതം.  മുംബൈ, ഡൽഹി,  കൊൽക്കത്ത, ചെന്നൈ, ബം​ഗളൂരു എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്ക്‌ ഇതുവരെ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചില്ല. ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ ഓണാവധിക്ക് നാട്ടിലെത്താൻ ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. പ്രധാന ട്രെയിനുകളിൽ   ടിക്കറ്റ്‌ ലഭ്യമാകുന്നില്ല. ബുക്കിങ്‌ തുടങ്ങി ദിവസങ്ങൾ‌ക്കകം സ്ലീപ്പർ ടിക്കറ്റുകൾ തീർന്നു. നാല് ട്രെയിനുകളാണ്  ചെന്നൈയിൽനിന്ന് മലബാറിലേക്കുള്ളത്. ഓണമടുത്തതോടെ ദിവസം കഴിയുന്തോറും യാത്രക്കാരുടെ എണ്ണംകൂടും. 20 മുതൽ സെപ്തംബർ 17 വരെ കൊച്ചുവേളി –- ബം​ഗളൂരു റൂട്ടിൽ ആഴ്ചയിൽ മൂന്നുദിവസം 16 കോച്ചുള്ള ട്രെയിൻ അനുവദിച്ചെങ്കിലും ജനറൽ കോച്ചില്ല. മുഴുവനും മൂന്നാംക്ലാസ് എസി. നിലവിലുള്ളതിനെക്കാൾ കൂടിയ നിരക്കാണ്  സ്പെഷ്യൽ ട്രെയിനുകളിൽ. ട്രെയിനുകളിൽ ടിക്കറ്റ്‌ കിട്ടാതാകുന്നതോടെ ഓണത്തിന് നാട്ടിലെത്താൻ  വൻതുക നൽകി ബസ്സുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്‌ പലർക്കും. Read on deshabhimani.com

Related News