വ്യാജ വാർത്ത പ്രചരിപ്പിച്ചു; ഏഷ്യാനെറ്റ് ന്യൂസിനെതിരെ ജി സ്റ്റീഫൻ എംഎല്‍എ നോട്ടീസ് അയച്ചു



തിരുവനന്തപുരം > അരുവിക്കര എംഎല്‍എ അഡ്വ. ജി സ്റ്റീഫനെതിരെ വ്യാജ വാര്‍ത്ത സംപ്രേക്ഷണം ചെയ്ത സംഭവത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിനും ചാനല്‍ റിപ്പോര്‍ട്ടർക്കും അവതാരകയ്ക്കുമെതിരെ എംഎല്‍എ നോട്ടീസ് അയച്ചു. എംഎല്‍എയെ മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ചാനൽ പ്രക്ഷേപണം ചെയ്ത വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎല്‍എ നോട്ടീസ് അയച്ചത്. എംഎല്‍എയുടെ കാറിന് കടന്നുപോകാന്‍ സൗകര്യമൊരുക്കിയില്ലെന്നാരോപിച്ച് എട്ട് മാസം ഗര്‍ഭിണിയായ യുവതി അടക്കമുള്ള കുടുംബത്തിനു നേരെ ആക്രമണം നടത്തിയെന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പ്രചരിപ്പിച്ചിരുന്നു. പരാതിക്കാരൻ പൊലീസിൽ നൽകിയ പരാതിയിൽ തന്നെക്കുറിച്ചോ തന്റെ വാഹനത്തെക്കുറിച്ചോ ഒരു പരാമർശവുമില്ലാതിരുന്നിട്ടും മനഃപൂർവ്വം അവമതിക്കുക എന്ന ലക്ഷ്യത്തോടെ വാർത്ത അവതരിപ്പിച്ചതായി എംഎല്‍എ ഫെയ്‌സ് ബുക്ക് കുറിപ്പിൽ പറഞ്ഞു. എംഎൽഎയുടെ വാഹനം തടസ്സം ഉണ്ടാക്കിയിട്ടില്ലെന്നും എംഎൽഎയും ഡ്രൈവറും വാഹനത്തിലുണ്ടായിരുന്നില്ലെന്നും പരാതിക്കാരൻ പറഞ്ഞിട്ടും  വാർത്തയ്ക്ക്‌ മുൻപ് അവതാരകയുടെ തെറ്റിദ്ധരിപ്പിക്കുന്ന ആമുഖത്തോടെയും എംഎൽഎയുടെ ചിത്രം അടക്കമുള്ള കാർഡ്‌ ഉപയോഗിച്ചും ഏഷ്യാനെറ്റ്  വാർത്ത പ്രക്ഷേപണം ചെയ്തു. വ്യാജ വാർത്ത‌ തിരുത്തി ക്ഷമാപണം നടത്താത്ത പക്ഷം നിയമനടപടികളുമായി മുന്നോട്ട്‌ പോകുമെന്നും ജി സ്റ്റീഫൻ ഫെയ്‌സ് ബുക്ക് പേജിൽ കുറിച്ചു.   Read on deshabhimani.com

Related News