ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരെ ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ല: കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍
കൊച്ചി> ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരി ഇടപാട് കേസില്‍ അഭിനേതാക്കളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരെ ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ.ഇരുവരെയും ആവശ്യമെങ്കില്‍ മാത്രമേ വീണ്ടും വിളിപ്പിക്കൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ലഹരി പാര്‍ട്ടിക്ക് വന്നതായി ഇതുവരെ സൂചനയില്ല. വിദഗ്ധ പരിശോധന ഫലത്തിനായി കാത്തിരിക്കുന്നുവെന്നും കമ്മീഷണര്‍ പറഞ്ഞു.മറ്റു സിനിമാ താരങ്ങള്‍ ആരും വന്നതായി കണ്ടെത്തിയിട്ടില്ല. ടെലിവിഷന്‍ മേഖലയിലെ ആര്‍ട്ടിസ്റ്റായ ഒരാള്‍ ഹോട്ടലില്‍ എത്തിയിരുന്നുവെന്നും കമ്മീഷണര്‍ പറഞ്ഞു. എആര്‍എം സിനിമയുടെ വ്യാജ പതിപ്പിനായുള്ള ചിത്രീകരണം മറ്റാരെങ്കിലും ചെയ്യിപ്പിച്ചതാണോ എന്നതും കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നു. സംഘത്തിലെ മൂന്നാമനെ ഉടന്‍ പിടി കൂടും. എആര്‍എം വ്യാജ പതിപ്പ് ചിത്രീകരിച്ചത് കേരളത്തിലെ തിയേറ്ററില്‍ നിന്നല്ലെന്നും കമ്മീഷണര്‍ പറഞ്ഞു. അലന്‍ വാക്കര്‍ പരിപാടിക്കിടെയുണ്ടായ ഫോണ്‍ മോഷണത്തില്‍ രണ്ട് സംഘങ്ങള്‍ ഡല്‍ഹിയിലും ബംഗളുരുവിലും അന്വേഷണം നടത്തുന്നുണ്ട്. മോഷണത്തിന് പിന്നിലുള്ള ഗ്യാങ് ആരാണെന്നത് സ്ഥിരികരിച്ചിട്ടില്ലെന്നും കമ്മീഷണര്‍ പറഞ്ഞു. Read on deshabhimani.com