‘സർക്കാർ ചേർത്തുപിടിച്ചു’ ; ജോലി നൽകാൻ തീരുമാനിച്ചത്‌ പുതിയ പ്രതീക്ഷ നൽകുന്നു

ശ്രുതി കൽപ്പറ്റ അമ്പിലേരിയിലെ വാടകവീട്ടിൽ മുത്തശ്ശി മാധവിയോടൊപ്പം


കൽപ്പറ്റ ‘‘തനിച്ചാക്കില്ലെന്ന ഉറപ്പ്‌ സർക്കാർ പാലിക്കുകയാണ്‌. ജോലി നൽകാൻ തീരുമാനിച്ച്‌ ചേർത്തുപിടിച്ചത്‌ പുതിയ പ്രതീക്ഷ നൽകുന്നു. ഇനിയും മുന്നോട്ട്‌ പോകണം. അതിജീവിച്ചല്ലേ പറ്റൂ. വയനാട്ടിൽതന്നെ താമസിക്കണമെന്നതാണ്‌ ആഗ്രഹം. ജോലി ഇവിടെ നൽകുമെന്നാണ്‌ പ്രതീക്ഷ’’–- മുണ്ടക്കൈ ദുരന്തത്തിൽ മാതാപിതാക്കളും സഹോദരിയും പിന്നീട്‌ വാഹനാപകടത്തിൽ പ്രതിശ്രുത വരൻ ജെൻസനും നഷ്‌ടമായ ശ്രുതി പറഞ്ഞു. ‘‘ഉരുൾപൊട്ടലിൽ കുടുംബമാകെ നഷ്ടമായപ്പോൾ ജെൻസനാണ്‌ താങ്ങായത്‌. ജെൻസൻകൂടി പോയപ്പോൾ എല്ലാം അവസാനിച്ചു. ജോലി കിട്ടിയ സന്തോഷം പറയാൻ അവരാരുമില്ലല്ലോ’’–-  ശ്രുതിയുടെ ശബ്‌ദമിടറി.  സെപ്‌തംബർ പത്തിന്‌ കൽപ്പറ്റ വെള്ളാരംകുന്നിലുണ്ടായ കാറപകടത്തിലാണ്‌  ജെൻസൻ മരിച്ചത്‌.  ഒപ്പമുണ്ടായിരുന്ന ശ്രുതി  കാലുകൾക്ക്‌ പരിക്കേറ്റ്‌ കൽപ്പറ്റ അമ്പിലേരിയിൽ സർക്കാർ നൽകിയ വാടകവീട്ടിൽ വിശ്രമത്തിലാണിപ്പോൾ. മുത്തശ്ശിമാരായ മാധവിയും  രാജമ്മയും ബന്ധുക്കളുമാണ്‌ ഒപ്പം. ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങളും പിന്നീട്‌  ജെൻസനും മരിച്ചപ്പോൾ ‘ഈ നാടാകെ ശ്രുതിയുടെ കൂടെയുണ്ടാകും’ എന്ന്‌  മുഖ്യമന്ത്രി ആശ്വസിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ്‌ ജോലി നൽകാനുള്ള തീരുമാനം. Read on deshabhimani.com

Related News