ഈ കല്ലറയിലുണ്ട് അഞ്ചുനൂറ്റാണ്ടിന്റെ ചരിത്രം
കൊച്ചി > ഫോർട്ട് കൊച്ചി സെന്റ് ഫ്രാൻസിസ് പള്ളിയിൽ ഇപ്പോഴും ആ കല്ലറയുണ്ട്. യൂറോപ്പിൽനിന്ന് ആദ്യമായി ഇന്ത്യയിലെത്തിയ, ഇവിടെ വൈദേശികാധിപത്യത്തിന് തുടക്കമിട്ട വാസ്കോ ഡ ഗാമയുടെ അഞ്ചുനൂറ്റാണ്ട് പിന്നിടുന്ന കല്ലറ. ഇന്ത്യയിലേക്കുള്ള മൂന്നാംവരവിൽ കൊച്ചിയിൽ ഒരു ക്രിസ്‌മസ് തലേന്നായിരുന്നു വാസ്‌കോ ഡ ഗാമയുടെ അന്ത്യം. 1524 ഡിസംബർ 24ന് സെന്റ് ഫ്രാൻസിസ് പള്ളിക്കുള്ളിൽ അടക്കംചെയ്ത ഗാമയുടെ ഭൗതികാവശിഷ്ടം 14 വർഷത്തിനുശേഷം കുടുംബാംഗങ്ങളെത്തി പോർച്ചുഗീസിലേക്ക് കൊണ്ടുപോയി. ഇന്ത്യയിലേക്ക് പുതിയ വ്യാപാരമാർഗം കണ്ടുപിടിക്കാനും അതുവഴി വ്യാപാരബന്ധങ്ങൾ വിപുലീകരിക്കാനും പോർച്ചുഗലിലെ രാജാവായിരുന്ന ഡാം മാനുവൽ നിയോഗിച്ചതായിരുന്നു വാസ്‌കോ ഡ ഗാമയെ. ഇന്ത്യയിൽ ഒരു പോർച്ചുഗീസ് സാമ്രാജ്യം കെട്ടിപ്പടുക്കുകയെന്ന ഉദ്ദേശ്യവും അവർക്കുണ്ടായി. 1498ൽ കാപ്പാട് ബീച്ചിൽ കപ്പലിറങ്ങിയ ഗാമ, സാമൂതിരിയിൽനിന്ന് കോഴിക്കോട് പണ്ടകശാല പണിയുന്നതിന് അനുവാദം നേടിയെടുത്തു. ശേഷം പോർച്ചുഗലിലേക്ക് മടങ്ങി. പിന്നീട് 1502 ഫെബ്രുവരിയിലാണ് 20 കപ്പലുകളടങ്ങുന്ന നാവികസംഘവുമായി തിരികെയെത്തുന്നത്. മൂന്നാംവട്ടം 1524ൽ വൈസ്രോയിയായി കൊച്ചിയിലെത്തിയപ്പോഴായിരുന്നു മരണം. മലേറിയ പിടിപെട്ട് മരിച്ചെന്നാണ് ലഭ്യമായ വിവരം. നിലവിൽ ലിസ്‌ബണിലെ ജെറോനിമോസ് മൊണാസ്ട്രിയിലെ കല്ലറയിലാണ് വാസ്‌കോ ഡ ഗാമയുടെ ഭൗതികാവശിഷ്ടങ്ങളുള്ളത്. എങ്കിലും ചരിത്രപ്രാധാന്യമുള്ള കല്ലറ കാണാൻ വിദേശികളടക്കം ധാരാളംപേരാണ് ദിവസവും ഇന്ത്യയിലെ ആദ്യ യൂറോപ്യൻ ദേവാലയംകൂടിയായ ഫോർട്ട് കൊച്ചി സെന്റ് ഫ്രാൻസിസ് പള്ളിയിലേക്കെത്തുന്നത്. Read on deshabhimani.com