സ്‌റ്റാലിൻ... ലോകത്തിൻ്റെ ആരാധ്യനായ നേതാവ്‌



സഖാവ് സ്റ്റാലിൻ്റെ ഓർമ്മദിനം... ഇന്നാണ് സഖാവ് സ്റ്റാലിൻ ഈ ലോകത്ത് നിന്നും വിട പറഞ്ഞത്. 1953 മാർച്ച് 5 നാണ് ലോകതൊഴിലാളി വർഗത്തിൻ്റെ ആ മഹാനായ നേതാവ് മരണമടഞ്ഞത്. ആസൂത്രണത്തിലൂടെയും പഞ്ചവത്സര പദ്ധതികളിലൂടെയും കുലാക്ക് ഭൂവ്യവസ്ഥ അവസാനിപ്പിച്ച് സോവ്യറ്റ് യൂണിയനെ ആധുനിക വ്യവസായവൽക്കരണത്തിലേക്കും സോഷ്യലിസത്തിലേക്കും നയിച്ച സ്റ്റാലിൻ ലോകത്തെ പിടിച്ചെടുക്കാനെത്തിയ ഫാസിസത്തെ പരാജയപ്പെടുത്തുന്നതിന് ചെമ്പടക്ക് ധീരമായി നേതൃത്വം നൽകിയ ലോകത്തിൻ്റെ ആരാധ്യനായ നേതാവായിരുന്നു. ട്രോട്‌സ്‌കിയുടെയും ബുഖാറിൻ്റെയും വ്യതസ്‌ത നിലപാടുകളിൽ നിന്നുമുള്ള വിഭാഗീയനിലപാടുകളെ പ്രതിരോധിച്ചു കൊണ്ടാണ് സ്റ്റാലിൻ സോവ്യറ്റ് സോഷ്യലിസറ്റ് നിർമ്മാണം മുന്നോട്ട് കൊണ്ടുപോയത്. ഉക്രൈൻ യുദ്ധത്തിന്റെയും അപരിഹാര്യമായി തുടരുന്ന മുതലാളിത്ത പ്രതിസന്ധിയുടെയും കാലത്ത് ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് രാഷ്ട്രത്തിൻ്റെ നിർമ്മാണത്തിൽ സഖാവ് ലെനിനൊപ്പവും തുടർന്നും നിർണായക പങ്ക് വഹിച്ച സ്റ്റാലിൻ്റെ സ്മരണകൾ ആപത്തിൻ്റെ വർത്തമാന സന്ദർഭത്തെ അതിജീവിക്കാനുള്ള ചരിത്രത്തിലേക്കുള്ള കയ്യെത്തിപിടിക്കൽ കൂടിയാണ്. ഒക്ടോബർ വിപ്ലവനാനന്തരം സാർവ്വദേശീയ ചൂഷകവർഗങ്ങളെ ചുട്ടുപൊള്ളിച്ച സോവ്യറ്റ് ഡിക്രികളിൽ ഭൂമിയുടെ ദേശസാൽക്കരണമടക്കമുള്ള പലതും ഒരു പിന്നോക്ക കാർഷിക സമൂഹത്തിൻ്റെ യഥാർത്ഥ്യങ്ങൾക്ക് നിരക്കുന്നതായിരുന്നില്ല. ഈയൊരു സാഹചര്യത്തെ അവസരമാക്കി കർഷകവിഭാഗങ്ങളെ ഇളക്കിവിട്ട് വിപ്ലവഗവർമെണ്ടിനെ അട്ടിമറിക്കാനുള്ള പ്രതിവിപ്ലവശ്രമങ്ങൾ സാർവ്വദേശീയ ബൂർഷാസി ആരംഭിച്ചു. യു എസ്പ്രസിഡണ്ട് വുഡ്രോവിൽസൺ ഇതിനായൊരു കൗണ്ടർ ഇൻറലിജൻസ് പ്രോഗ്രാം തന്നെ തയ്യാറാക്കി.ഈയൊരു സാഹചര്യത്തിലാണ് 1921ൽ ലെനിൻ പുതിയ സാമ്പത്തികനയം (NEP) പ്രഖ്യാപിക്കുന്നത്. ലെനിൻ്റെ ദുഃഖകരമായ വേർപാടിന് ശേഷം NEP അനുസരിച്ച് സോഷ്യലിസ്റ്റ് നിർമ്മാണത്തെ സഖാവ് സ്റ്റാലിൻ മുന്നോട്ട് കൊണ്ടുപോയത് സാമ്രാജ്യത്വ ശക്തികൾ ഉയർത്തിയ നാനാവിധമായ പ്രതിവിപ്ലവശ്രമങ്ങളെയും സോവ്യറ്റ് പാർടിക്കകത്തും സർക്കാറിനകത്തു ഉയർന്നു വന്ന നാനാവിധമായ വെല്ലുവിളികളെയും നേരിട്ടു കൊണ്ടായിരുന്നു. ഇടത് തീവ്രനിലപാടുകളിൽ നിന്ന് ട്രോട്‌സ്‌കിയും വലതുപക്ഷ നിലപാടുകളിൽ നിന്ന് ബുഖാറിനും ഉയർത്തിയ കുത്തിത്തിരിപ്പുകളും നുഴഞ്ഞുകയറ്റങ്ങളും ഭീഷണമായൊരു സാഹചര്യം തന്നെ സൃഷ്ടിച്ചിരുന്നു.ഇതിനെ നേരിടുന്നതിൽ സ്റ്റാലിന് പറ്റിയ തെറ്റുകകളെയും പിഴവുകളെയും പെരുപ്പിച്ച് സ്റ്റാലിനെ ഹിറ്റ്ലറെക്കാൾ ഭീകരനായി ചിത്രീകരിക്കാനാ നുള്ള നീക്കങ്ങളാണ് സാമ്രാജ്യത്വ പ്രചാരകന്മാർ നടത്തിയത്. ഫാസിസ്റ്റ് വിരുദ്ധ വിജയത്തിലൂടെ സോവ്യറ്റ് യുണിയന് കൈവന്ന ലോക നേതൃത്വശേഷിയെ കുറച്ചു കാണിക്കാൻ സ്റ്റാലിൻ ക്രൂരതകളുടെ അനവധിയായ നുണക്കഥകൾ ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികൾ ആസൂത്രിതമായി തന്നെ  അഴിച്ചുവിട്ടു.സ്റ്റാലിൻ്റെ തെറ്റുകളെ ചരിത്രപരമായി മനസ്സിലാക്കാനും തിരുത്താനുമുള്ള ബാധ്യതയിൽ നിന്നൊഴിഞ്ഞു മാറി സാർവ്വദേശിയ പിന്തിരിപ്പന്മാരുടെ വാദങ്ങൾ ഏറ്റ്പിടിച്ച് സാമ്രാജ്യത്വശക്തികളുടെ അഭീഷ്ടത്തിനൊത്ത് സ്റ്റാലിൻ നിരാകരണപ്രസ്ഥാനമാരംഭിക്കുകയാണ് ക്രൂഷ്ചേവ് ചെയ്‌തത്.... Read on deshabhimani.com

Related News