കണ്ണീരിൽ പുഞ്ചിരി വിളയിച്ച്‌ ശ്രാവന്തിക



തിരുവനന്തപുരം> അഭിമാനം സന്തോഷം.. സംസ്ഥാന സർക്കാരിന്റെ കാർഷിക പുരസ്‌കാരം ഏറ്റുവാങ്ങി എസ്‌ പി ശ്രാവന്തിക പറഞ്ഞു. നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽനടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്നാണ്‌ പുരസ്‌കാരം ഏറ്റുവാങ്ങിയത്‌. 50,000 രൂപയും ഫലകവും സർട്ടിഫിക്കറ്റുമായിരുന്നു അവാർഡ്‌. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ഇതാദ്യമായാണ്‌ സംസ്ഥാനസർക്കാർ പുരസ്‌കാരം ഏർപ്പെടുത്തിയത്‌. രാജ്യത്ത്‌ സമ്മിശ്ര കൃഷി നടത്തുന്ന ആദ്യ ട്രാൻസ്‌ജെൻഡറും  ശ്രാവന്തികയാണ്‌. ജോലി അന്വേഷിച്ചുപോകാൻ ചെരുപ്പ്‌ വാങ്ങാൻപോലും പണമില്ലാത്ത സാഹചര്യത്തിലാണ്‌ കൃഷി ചെയ്യാനിറങ്ങിയതെന്ന്‌ ശ്രാവന്തിക പറഞ്ഞു. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുള്ള നവോദയ മൂവ്‌മെന്റ്‌ വഴി പാട്ടത്തിനെടുത്ത രണ്ടേമുക്കാൽ ഏക്കറിലാണ്‌ കൃഷി തുടങ്ങിയത്‌. നാലുവർഷത്തിനിപ്പുറം ആട്‌, പശു, കോഴി, താറാവ്‌ എന്നിവയെ വളർത്തുന്നു. കപ്പ, ചേന തുടങ്ങിയവ കൃഷി ചെയ്യുന്നു. മീൻകൃഷിയുമുണ്ട്‌. അച്ഛൻ ശിവനിൽനിന്നും അപ്പൂപ്പന്മാരിൽനിന്നും ലഭിച്ച കൃഷി അറിവുകൾ പ്രയോജനപ്പെടുത്തി. ജീവിത പങ്കാളി അരുണും സഹായിക്കും. സ്വന്തം നാടായ ആലപ്പുഴ ജില്ലയിലെ മുളക്കുഴ പഞ്ചായത്തിലാണ്‌ കൃഷിസ്ഥലം. അതിനോട്‌ ചേർന്ന വാടകവീട്ടിലാണ്‌ താമസം. ആയുർവേദപഠനം കഴിഞ്ഞ്‌ ജോലിക്ക്‌ പോയിത്തുടങ്ങിയെങ്കിലും വേണ്ടത്ര പിന്തുണയില്ലാത്തതിനാൽ തുടരാനായില്ല. ഒരു അംഗീകാരം കിട്ടിയിരുന്നെങ്കിൽ എന്ന്‌ ആഗ്രഹിച്ചിരുന്നപ്പോഴാണ്‌ സംസ്ഥാനസർക്കാരിന്റെ പുരസ്‌കാരം ലഭിച്ചത്‌. സന്തോഷം കൊണ്ട്‌ കണ്ണ്‌ നിറയുന്നു. പുരസ്‌കാരം ലഭിച്ചതിന്‌ പിന്നാലെ നിരവധി പേർ വിളിച്ച്‌ അഭിനന്ദനം അറിയിക്കുന്നുണ്ട്‌. പഞ്ചായത്തും ക്ലബും ആദരിച്ചു. അതിനുശേഷമാണ്‌ തിരുവനന്തപുരത്തേക്ക്‌ പുരസ്‌കാരം വാങ്ങാൻ എത്തിയത്‌ – -ശ്രാവന്തിക പറഞ്ഞു. Read on deshabhimani.com

Related News