നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നവർക്കെതിരെ കര്‍ശന നടപടി
തിരുവനന്തപുരം > നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നവർക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. ആമയിഴഞ്ചാൻ തോടിലെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിലാണ് തീരുമാനമായത്. നഗരത്തിലെ മാലിന്യ പ്രശ്നം പരിഹിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനും സുഗമമായ നടത്തിപ്പിനും ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ടിലെ വകുപ്പുകൾ ഉപയോഗപ്പെടുത്താൻ തീരുമാനമായിട്ടുണ്ട്. ഒപ്പം ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ സബ് കളക്ടറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സ്പെഷ്യൽ ഓഫീസറായി ചുമതലപ്പെടുത്താനും മേജർ ഇറിഗേഷൻ, കോർപ്പറേഷൻ, റെയിൽവേ എന്നീ മൂന്ന് വിഭാഗങ്ങളുടെയും ഏകോപനം ഉറപ്പാക്കാനും യോഗത്തിൽ തീരുമാനമായി. നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പനങ്ങൾ നിരുത്സാഹപ്പെടുത്തുകയും പൊതുനിരത്തിലും ജലാശയത്തിലും മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിട്രേഷൻ റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. 40 എ ഐ ക്യാമറകൾ സ്ഥാപിക്കകയും ഇവയെ പോലീസ് കൺട്രോൾ റൂമുമായി ബന്ധപ്പിച്ച് മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യും. ഓൺലൈനായി ചേർന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം -റെയിൽവേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും പങ്കെടുത്തു. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടായി. Read on deshabhimani.com