ആരോപണവിധേയനായ വിദ്യാർഥി സ്കൂളിൽ; ക്ലാസ് ബഹിഷ്കരിച്ച്‌ പ്രതിഷേധം



പറവൂർ ആരോപണവിധേയനായ വിദ്യാർഥി സ്കൂളിലെത്തിയതിൽ പ്രതിഷേധിച്ച് മറ്റു കുട്ടികൾ പഠിപ്പുമുടക്കി പ്രതിഷേധിച്ചു. കോട്ടുവള്ളി പഞ്ചായത്തുപരിധിയിലെ സ്കൂളിൽ പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന്‌ രണ്ടരമാസംമുമ്പ് പരാതി ഉയർന്നിരുന്നു. ഇതിന്റെ പേരിൽ ആറ്‌ എസ്എസ്എൽസി വിദ്യാർഥികളെ സ്കൂളിൽനിന്ന് മാറ്റിനിർത്തി. അഞ്ചുപേർ വിടുതൽ സർട്ടിഫിക്കറ്റ്‌ വാങ്ങി മറ്റ്‌ സ്കൂളുകളിൽ പഠനം തുടർന്നപ്പോൾ ഒരാൾ പോകാൻ തയ്യാറായില്ല. സ്കൂൾ അധികൃതരും പിടിഎ ഭാരവാഹികളും ഇടപെട്ടെങ്കിലും ഇവിടെത്തന്നെ പഠനം പൂർത്തിയാക്കുമെന്ന നിലപാടിൽ വിദ്യാർഥിയുടെ രക്ഷിതാക്കൾ ഉറച്ചുനിന്നു. പ്രധാനാധ്യാപിക, സ്കൂൾ എന്നിവരെ പ്രതികളാക്കി ഹൈക്കോടതിയിൽ കേസും നൽകി. കോടതി നിയോഗിച്ച അഭിഭാഷകരുടെ സാന്നിധ്യത്തിൽ പലവട്ടം മധ്യസ്ഥചർച്ച നടത്തിയെങ്കിലും ആരോപണവിധേയനെ മാറ്റാനാകില്ലെന്ന് രക്ഷിതാക്കൾ നിലപാടെടുത്തതോടെ അധികൃതർ പ്രതിസന്ധിയിലായി. തിങ്കൾ രാവിലെ 9.30നുതന്നെ ആരോപണവിധേയനായ വിദ്യാർഥി ക്ലാസിലെത്തിയതോടെ ബാക്കി കുട്ടികൾ ക്ലാസ് ബഹിഷ്കരിച്ച് പുറത്തിറങ്ങി മുദ്രാവാക്യം മുഴക്കി. ഹൈസ്കൂൾ ക്ലാസുകളിലെ മറ്റു കുട്ടികളും പ്രതിഷേധക്കാർക്ക്‌ പിന്തുണയുമായി ഒപ്പംകൂടി. സ്കൂൾ കവാടത്തിനുസമീപം കുത്തിയിരുന്ന് കുട്ടികൾ മുദ്രാവാക്യം വിളിച്ചു. ചിലരുടെ രക്ഷിതാക്കളും സ്ഥലത്തെത്തി. ഒടുവിൽ 12.30ന് ആരോപണവിധേയൻ വീട്ടിലേക്ക് തിരിച്ചുപോയതിനുശേഷമാണ് കുട്ടികൾ ക്ലാസിൽ കയറിയത്. ആരോപണവിധേയനായ വിദ്യാർഥി നൽകിയ കേസ് അടുത്തദിവസം കോടതി പരിഗണിക്കാനിരിക്കെ ബോധപൂർവം കുഴപ്പമുണ്ടാക്കാനുള്ള ശ്രമം നടന്നതാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്. Read on deshabhimani.com

Related News