വിലക്കയറ്റം തടയും , ശക്തമായ ഇടപെടലുമായി സംസ്ഥാന സർക്കാർ ; സപ്ലൈകോയ്‌ക്ക്‌ 225 കോടി



തിരുവനന്തപുരം ഓണക്കാലത്തെ വിലക്കയറ്റം തടയാൻ വിപണിയിൽ ശക്തമായ ഇടപെടലുമായി സംസ്ഥാന സർക്കാർ. സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 225 കോടി രൂപ അനുവദിച്ചു. വിലയിൽ ഇളവ്‌ നൽകി ആവശ്യസാധനങ്ങൾ ജനങ്ങൾക്ക്‌ ലഭ്യമാക്കാൻ ബജറ്റ്‌ വിഹിതത്തിനു പുറമെ 120 കോടി രൂപയാണ്‌ സപ്ലൈകോയ്‌ക്ക്‌  ലഭ്യമാക്കിയതെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. വിപണി ഇടപടലിന്‌ ഈ സാമ്പത്തികവർഷം 205 കോടി രൂപയാണ്‌ ആകെ വകയിരുത്തിയിരുന്നത്‌. കഴിഞ്ഞമാസം 100 കോടി രൂപ അനുവദിച്ചിരുന്നു. ബജറ്റ്‌ പ്രകാരം ബാക്കി 105 കോടി രൂപയാണ്‌ ഉണ്ടായിരുന്നത്‌. എന്നാൽ 120 കോടി രൂപ അധികമായി നൽകാൻ ധനവകുപ്പ്‌ തീരുമാനിക്കുകയായിരുന്നു. വിലക്കയറ്റം തടയാനും ജനങ്ങൾക്ക്‌ ന്യായവിലയ്‌ക്ക്‌ സാധനങ്ങൾ ലഭ്യമാക്കാനുമായി സപ്ലൈകോ 92 കേന്ദ്രങ്ങളിൽ ഓണച്ചന്ത തുടങ്ങും. 13 ജില്ലാ ചന്തകളും 78 താലൂക്ക്‌ ചന്തകളും ഒരു സംസ്ഥാന ചന്തയുമാണ്‌ ഉണ്ടാകുക. സബ്‌സിഡിയിതര ഉൽപ്പന്നങ്ങളുടെ ഓഫർമേളയുമുണ്ടാകും. സബ്‌സിഡി സാധനങ്ങൾ എത്തിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. സമാഹരിക്കുന്ന ജൈവ പച്ചക്കറികൾ ചന്തകളിൽ പ്രത്യേക സ്‌റ്റാളുകളിലൂടെ വിൽക്കും. മാവേലി സ്‌റ്റോറുകളിലും ആവശ്യത്തിന്‌ സബ്‌സിഡി സാധനങ്ങൾ എത്തിക്കും. ഓണത്തിന്‌ മഞ്ഞകാർഡുകാർക്കും അനാഥാലയങ്ങൾ, വയോജനകേന്ദ്രങ്ങൾ തുടങ്ങിയ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യും. ആറുലക്ഷത്തോളം കിറ്റാണ്‌ റേഷൻകടകളിലൂടെ നൽകുക. Read on deshabhimani.com

Related News