കുട്ടികൾ മാതാപിതാക്കളുടെ സ്ഥാവര ജംഗമ സ്വത്തല്ല: സുപ്രീംകോടതി
ന്യൂഡൽഹി കുട്ടികൾ മാതാപിതാക്കളുടെ സ്ഥാവര ജംഗമ സ്വത്തല്ലെന്നും അവരെ തടവിലിടാൻ മാതാപിതാക്കൾക്ക് അവകാശമില്ലെന്നും സുപ്രീംകോടതി. മകൾ അവരുടെ ഇഷ്‌ടപ്രകാരം വിവാഹം കഴിച്ച യുവാവിനെതിരെ മാതാപിതാക്കൾ നൽകിയ കേസ് റദ്ദാക്കിയ മധ്യപ്രദേശ് ഹൈക്കോടതി വിധി ശരിവച്ചാണ് ചീഫ് ജസ്‌റ്റിസ് സഞ്ജീവ് ഖന്നയുടെ ബെഞ്ചിന്റെ വിമർശം. വിവാഹ സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന മാതാപിതാക്കളുടെ അവകാശവാദം തെറ്റാണെന്ന് കണ്ടെത്തിയ സുപ്രീംകോടതി വിവാഹം അംഗീകരിക്കാൻ പെൺകുട്ടിയുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. ‘പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നു. കുട്ടിയെ തടവിലിടാൻ അവകാശമില്ല. സ്വന്തം കുട്ടിയെ കേവലം സ്ഥാവര ജംഗമ സ്വത്തായി മാത്രമാണ് നിങ്ങൾ കാണുന്നത്. എന്നാൽ കുട്ടികളെ അങ്ങനെ കാണാനാകില്ല’–-ചീഫ് ജസ്‌റ്റിസ് രൂക്ഷവിമർശമുന്നയിച്ചു. മഹിദ്പൂർ സ്വദേശിക്കെതിരെയാണ് മാതാപിതാക്കൾ തട്ടിക്കൊണ്ടുപോകൽ, ലൈംഗികാതിക്രമം തുടങ്ങിയ വകുപ്പുകൾ ആരോപിച്ച് കേസ് നൽകിയത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നുവെന്ന് കണ്ടെത്തിയ ഹൈക്കോടതി ഭർത്താവിനെതിരായ എഫ്‌ഐആർ റദ്ദാക്കിയിരുന്നു. Read on deshabhimani.com