പിഴത്തുക അടച്ചില്ല; ടെലിക്കോം കമ്പനികൾക്ക്‌ സുപ്രീംകോടതിയുടെ അന്ത്യശാസനം



ന്യൂഡൽഹി> സ്‌പ്രെക്‌ടം ലൈസൻസ്‌ ഫീസിൽ  സർക്കാറിന് നൽകാനുള്ള പിഴത്തുക അടക്കാത്തതിൽ വോഡാഫോൺ- ഐഡിയ, ഭാരതി എയർടെൽ അടക്കമുള്ള ടെലികോം കമ്പനികൾക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം.എല്ലാത്തരം അഴിമതികളും അവസാനിപ്പിക്കാനുള്ള അവസാന അവസരമാണിതെന്നും കോടതി വാദത്തിനിടെ വാക്കാൽ പരാമർശം നടത്തി അടുത്ത വാദം കേൾക്കുന്നതിന് മുമ്പ് പിഴത്തുക അടച്ചു തീർക്കണമെന്ന് ജസ്റ്റിസ് അരുൺ മിശ്ര ഉത്തരവിട്ടു. കൂടാതെ, പിഴത്തുക അടക്കുന്നതിൽ വീഴ്ച വരുത്തിയ ടെലികോം കമ്പനി മേധാവികളോട് കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ  വിശദീകരണം തേടി സുപ്രീംകോടതി നോട്ടീസ് പുറപ്പെടുവിച്ചു.ടെലികോം കമ്പനികൾ കുടിശ്ശിക അടുത്ത മാസം 17ന് മുമ്പ് അടച്ച് തീർക്കണമെന്ന കർശന നിർദ്ദേശമാണ് ഇന്ന് നൽകിയത്‌. പിഴത്തുക പിരിച്ചെടുക്കാത്തത് ഉദ്യോഗസ്ഥ വീഴ്ചയാണെന്നും എന്ത് നടപടിയാണ് സ്വീകരിച്ചത് കേന്ദ്ര സർക്കാറിനോട് സുപ്രീംകോടതി ചോദിച്ചു. ഈ നാട്ടിൽ ഒരു നിയമവും നിലനിൽക്കുന്നില്ലേ. എന്ത് അസംബന്ധമാണ് ഇവിടെ നടക്കുന്നത്. സുപ്രീംകോടതി അടച്ചു പൂട്ടണമോ എന്നും കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചു.ഇത് പണാധിപത്യം അല്ലാതെ എന്താണ്. ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തേണ്ടിവരും. കുറ്റക്കാർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടി വരുമെന്നും ജസ്റ്റിസ് മിശ്ര വ്യക്തമാക്കി.  വോഡാഫോൺ-ഐഡിയ, ഭാരതി എയർടെൽ എന്നിവയെ കൂടാതെ അനിൽ അംബാനിയുെട റിലയൻസ് കമ്യൂണിക്കേഷൻസ്, ടാറ്റാ ടെലിസർവീസസ് എന്നിവയും പിഴത്തുകക്ക് ഇളവ് തേടി സുപ്രീംകോടതിയെ സമീപിച്ചത്. എയർടെൽ 21,682.13 കോടിയും വോഡാഫോൺ 19,823.71 കോടിയും റിലയൻസ് കമ്യൂണിക്കേഷൻസ് 16,456.47 കോടിയും ബി.എസ്.എൻ.എൽ 2,098.72 കോടിയും എം.ടി.എൻ.എൽ 2,537.48 കോടിയും പിഴയായി നൽകാനുള്ളത്.  പിഴത്തുകയായ 1.5 ലക്ഷം കോടി രൂപ ടെലികോം കമ്പനികൾ അടക്കണമെന്ന് കഴിഞ്ഞ ഒക്ടോബർ 24നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. പിഴ ഒടുക്കാൻ കോടതി നിർദേശിച്ച തീയതി ജനുവരി 23 ആയിരുന്നു Read on deshabhimani.com

Related News