വഖഫ് പരാമർശം: ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തി സുരേഷ് ഗോപി
തിരുവനന്തപുരം> വഖഫ് സംബന്ധിച്ച വിവാദ പരാമർശത്തെ കുറിച്ച് ചോദ്യ ഉന്നയിച്ച മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. 24 ന്യൂസിലെ മാധ്യമപ്രവർത്തകൻ അലക്സ് റാം മുഹമ്മദിനെയാണ് സുരേഷ് ഗോപി റൂമിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയത്. വഖഫ് കിരാത പരാമർശത്തിൽ ചോദ്യം ചോദിച്ചതാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്. ശേഷം മാധ്യമപ്രവർത്തകനെ ഒറ്റയ്ക്ക് മുറിയിലേക്ക് വിളിച്ചുവരുത്തിയ സുരേഷ് ഗോപി ചോദ്യത്തിന് ഉത്തരം നൽകാൻ സൗകര്യമില്ലെന്നും കാണിച്ചുതരാമെന്നുമാണ് പറഞ്ഞത്. സുരേഷ് ഗോപിയുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി പറഞ്ഞു. ചോദ്യത്തിന് ഉത്തരം നൽകാൻ സൗകര്യമില്ലെന്ന് മാധ്യമപ്രവർത്തകനെ വ്യക്തിപരമായി വിളിച്ചു വരുത്തി പറയുന്നത് മാധ്യമസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റവും അവഹേളനവുമാണ്. കേന്ദ്രമന്ത്രിയിൽ നിന്നുള്ള ഈ പ്രതികരണം ജനാധിപത്യ മര്യാദയ്ക്ക് ഭൂഷണമല്ല. മാധ്യമപ്രവർത്തകർക്കു നേരെയുള്ള ഇത്തരം പ്രവണതകൾ ഒഴിവാക്കണമെന്നും കേന്ദ്രമന്ത്രി പദവിക്കു യോജിച്ച തിരുത്തലിനു തയാറാകണമെന്നും കെയുഡബ്ല്യുജെ പ്രസ്താവനയിൽ പറഞ്ഞു. Read on deshabhimani.com