വെടിക്കെട്ട്‌ നിയന്ത്രണം ; കട്ട‍പ്പുകയായി സുരേഷ് ഗോപിയുടെ ‘ആക്ഷൻ’



തൃശൂർ   തൃശൂർപൂരത്തിന്‌ നിയന്ത്രണം കുറയ്ക്കാനെന്ന പേരിൽ കേന്ദ്രസഹമന്ത്രി സുരേഷ്‌ ഗോപി വിളിച്ച യോഗത്തിലെടുത്ത തീരുമാനം കേന്ദ്രത്തിന്റെ പുതിയ നിയമഭേദഗതിയിൽ പൊട്ടാത്ത അമിട്ടുപോലെ ചീറ്റി. രാവിലെ മന്ത്രിയോഗം വിളിക്കുന്നു, തേക്കിൻകാട്‌ മൈതാനിയിൽ എത്തുന്നു, വെടിക്കെട്ടിനുള്ള സ്ഥലം അളക്കുന്നു. ഒടുവിൽ നിയന്ത്രണം കുറയ്‌ക്കുമെന്ന്‌ വാഗ്‌ദാനവും. പക്ഷെ നിയമഭേദഗതി വന്നതോടെ എല്ലാം വെട്ടിക്കെട്ട്‌ കഴിഞ്ഞുള്ള ‘കട്ടപ്പുക’പോലെയായി.   സുരേഷ്‌ ഗോപി തൃശൂരിൽ വിളിച്ച യോഗത്തിൽ പ്രധാനമായും ഉയർന്നത്‌ വെടിക്കെട്ട്‌ സ്വരാജ്‌ റൗണ്ടിൽനിന്ന്‌ കാണാനാകണമെന്ന ആവശ്യമാണ്‌. ഇതിന്‌ കാണികൾക്കുള്ള ദൂരപരിധി 100 മീറ്ററിൽനിന്ന്‌ 60 മീറ്ററാക്കണമെന്നും ആവശ്യമുയർന്നു. യോഗത്തിൽ എക്സ്‌പ്ലോസീവ്‌ വകുപ്പ്‌ ഉദ്യോഗസ്ഥരും  പങ്കെടുത്തു. ജനുവരിയോടെ പൂരത്തിന്‌ പുതിയ മാർഗരേഖ കൊണ്ടുവരുമെന്നാണ്‌ സുരേഷ്‌ ഗോപി പ്രഖ്യാപിച്ചത്‌. ഇതെല്ലാം വെറുംവാക്കായി. വെടിക്കെട്ട്‌ സാമഗ്രി സൂക്ഷിക്കുന്നിടത്തുനിന്ന്‌ 200 മീറ്റർ അകലെ   വെടിക്കെട്ട്‌ ഫയർലൈൻ വേണമെന്നാണ്‌ പ്രധാന ഭേദഗതി. ഇതുപ്രകാരം തേക്കിൻകാട്‌ മൈതാനത്ത്‌ വെടിക്കെട്ട്‌ നടത്താനാകില്ല. തേക്കിൻകാട്‌ കടന്നാൽ സ്വരാജ്‌ റൗണ്ടും കെട്ടിടങ്ങളുമാണ്‌. അവിടെയും വെടിക്കെട്ട്‌ അസാധ്യമാകും. 2008ലെ നിയമപ്രകാരം വെടിക്കെട്ട്‌ ഫയർലൈൻ പരിധി 45 മീറ്ററായിരുന്നു. ഇത്‌ കുറയ്‌ക്കണമെന്ന ആവശ്യം ഉയരുന്നതിനിടയിലാണ്‌  കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം അസാധാരണ വിജ്ഞാപനത്തിലൂടെ  ദൂരപരിധി വർധിപ്പിച്ചത്‌. പുതിയ ഭേദഗതിപ്രകാരം വെടിക്കെട്ട്‌ സ്ഥലത്ത്‌ ബാരിക്കേഡ്‌ കെട്ടി നിർത്തണം. ഇവിടെനിന്ന്‌ 100 മീറ്റർ അകലെയായിരിക്കണം കാണികൾ. ഇതനുസരിച്ച്‌ വെടിക്കെട്ട്‌ പുരയിൽനിന്ന്‌ 300 മീറ്റർ അകലെയാകും കാണികളുടെ സ്ഥാനം. ജനങ്ങൾക്ക്‌ സ്വരാജ്‌ റൗണ്ടിന്റെ പരിസരത്തുള്ള  റോഡിൽപ്പോലും നിൽക്കാനാകില്ല.   Read on deshabhimani.com

Related News