മനുഷ്യക്കടത്തെന്ന് സംശയം; തമിഴ്‌സംഘത്തെ നാവികസേന ചോദ്യം ചെയ്‌തു
വൈപ്പിൻ > മുനമ്പം കേന്ദ്രീകരിച്ച് വീണ്ടും മനുഷ്യക്കടത്തിന് ശ്രമമെന്ന സംശയത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത 18 അംഗ തമിഴ്സംഘത്തെ നാവികസേനയും കോസ്റ്റൽ പൊലീസും ചോദ്യംചെയ്‌തു. എന്നാൽ, മനുഷ്യക്കടത്താണോ എന്നതിൽ വ്യക്തത വന്നിട്ടില്ലെന്നാണ് സൂചന. മുനമ്പത്തുനിന്ന് ബോട്ടിൽ ഓസ്‌ട്രേലിയയിലേക്ക് കടക്കാൻ എത്തിയവരാണ് ഇവരെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതോടെയാണ് ചോദ്യംചെയ്‌തത്. കേരളത്തിൽ ക്ഷേത്രദർശനത്തിന് എത്തിയതാണെന്ന മൊഴി കോസ്റ്റൽ പൊലീസും നാവികസേനയും പൂർണമായും വിശ്വസിച്ചിട്ടില്ല. വ്യാഴം രാത്രി കസ്റ്റഡിയിലെടുത്ത ഇവരെ ഇന്റലിജൻസ് ബ്യൂറോ, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), കേരള പൊലീസ്, തമിഴ്‌നാട് ക്യു ബ്രാഞ്ച് എന്നിവ ചോദ്യംചെയ്‌തിരുന്നു. വെള്ളി രാത്രി വിട്ടയച്ചെങ്കിലും ഇവർ ഇപ്പോഴും നിരീക്ഷണത്തിലാണ്. സൈബർ സെൽ സഹായത്തോടെ ഇവരുടെ ഫോൺവിളി വിവരങ്ങളുടെ (സിഡിആർ) പരിശോധിക്കുകയാണ്. മൂന്നുദിവസംമുമ്പാണ് സംഘം ചെറായി ബീച്ചിലെ റിസോർട്ടിൽ എത്തിയത്. ഇവരുടെ സംസാരത്തിൽ സംശയം തോന്നി റിസോർട്ട് ജീവനക്കാരാണ് പൊലീസിൽ അറിയിച്ചത്. 2019 ജനുവരി 12ന് പുലർച്ചെ മുനമ്പം ഹാർബറിൽനിന്ന് ‘ദയാ മാത’ എന്ന മീൻപിടിത്ത ബോട്ടിലാണ് മുമ്പ് മനുഷ്യക്കടത്ത് നടന്നത്. ശ്രീലങ്കൻ അഭയാർഥികളും തമിഴ്‌വംശജരും തിങ്ങിപ്പാർക്കുന്ന ഡൽഹിയിലെ അംബേദ്കർ കോളനിയിലുള്ളവരായിരുന്നു സംഘത്തിൽ. മാല്യങ്കര കടവിൽ ഉപേക്ഷിച്ച ബാഗുകൾ കണ്ടെത്തിയതോടെ നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്താണെന്ന് സ്ഥിരീകരിച്ചത്. Read on deshabhimani.com