സഭാനേതൃത്വത്തിനെതിരായ പ്രതിഷേധങ്ങളിൽ ദേശവിരുദ്ധ തീവ്രവാദ ബന്ധമെന്ന്‌ ; അന്വേഷണം ആവശ്യപ്പെട്ട്‌ അമിത്‌ ഷായ്‌ക്ക്‌ കത്ത്‌



കൊച്ചി സിറോ മലബാർ സഭയിൽ ഏകീകൃത പ്രാർഥനാക്രമത്തെ എതിർത്ത്‌ വിമതവൈദികരും വിശ്വാസികളും നടത്തുന്ന പ്രതിഷേധങ്ങൾക്കുപിന്നിൽ ദേശവിരുദ്ധ തീവ്രവാദ സംഘടനകളെന്ന്‌ ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായ്‌ക്ക്‌ കത്ത്‌. പ്രതിഷേധങ്ങൾക്കുമുന്നിൽ നിൽക്കുന്നവരുടെ തീവ്രവാദബന്ധവും സാമ്പത്തിക ഇടപാടുകളും ബിസിനസ്‌ ബന്ധങ്ങളും അന്വേഷിക്കണം. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), സിബിഐ, എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇഡി) എന്നിവയെ അന്വേഷണത്തിന്‌ നിയോഗിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. സഭയിലെ ഔദ്യോഗികപക്ഷവുമായി അടുപ്പം പുലർത്തുന്ന കാത്തലിക്‌ ഫോറം എന്ന അൽമായ സംഘടനയുടെ പ്രസിഡന്റ്‌ ബിനു പി ചാക്കോയാണ്‌ കത്തയച്ചത്‌. ഏകീകൃത കുർബാന നടപ്പാക്കിയതോടെയാണ്‌ എറണാകുളം–-അങ്കമാലി അതിരൂപതയിൽ തീവ്രവാദബന്ധമുള്ള പ്രതിഷേധങ്ങൾ തുടങ്ങിയതെന്ന്‌ കത്തിൽ പറയുന്നു. മൂന്നുവർഷത്തോളമായി വിമതവൈദികരും വിശ്വാസികളും വിവിധ വിഷയങ്ങളുന്നയിച്ച്‌ സഭാനേതൃത്വത്തിനെതിരെ പ്രതിഷേധവും ഭീഷണിയും ഉയർത്തുന്നു. വിവിധ മാർഗങ്ങളിലൂടെയാണ്‌ സഭാപ്രവർത്തനത്തെ അട്ടിമറിക്കാനുള്ള പണം തീവ്രവാദ ഗ്രൂപ്പുകൾ ഇവർക്ക്‌ എത്തിക്കുന്നത്‌. ചില ബിസിനസ്‌ സംരംഭങ്ങളിലെ പങ്കാളിത്തത്തിന്റെ പേരിലും ജീവകാരുണ്യപ്രവർത്തനങ്ങളുടെ മറവിൽ സംഭാവനയായും കണക്കില്ലാത്ത പണം എത്തുന്നു. ഏറ്റവും ഒടുവിൽ സെപ്‌തംബർ 29ന്‌ ബിഷപ്‌ ഹൗസിൽ അതിക്രമിച്ചുകയറിയ സംഘം അപ്പോസ്‌തോലിക്‌ അഡ്‌മിനിസ്‌ട്രേറ്റർ ബിഷപ്‌ ബോസ്‌കോ പുത്തൂരിന്റെ ഓഫീസ്‌ കൈയേറി. സംഘത്തിൽ സഭാംഗങ്ങളല്ലാത്ത അജ്ഞാതരും ഉണ്ടായിരുന്നു. സംസ്ഥാന പൊലീസിന്‌ പരാതി നൽകിയിട്ട്‌ നടപടിയില്ലാത്തതുകൊണ്ടാണ്‌ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക്‌ പരാതി നൽകുന്നതെന്നും കത്തിൽ പറയുന്നു.   Read on deshabhimani.com

Related News