ഉപതെരഞ്ഞെടുപ്പ് ; എൽഡിഎഫ് വൻമുന്നേറ്റമുണ്ടാക്കും : ടി പി രാമകൃഷ്‌ണൻ
തിരുവനന്തപുരം വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിൽ ജനവിശ്വാസം ആർജിച്ച് എൽഡിഎഫ് വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്ന് കൺവീനർ ടി പി രാമകൃഷ്‌ണൻ പറഞ്ഞു. മൂന്നിടത്തും തെരഞ്ഞെടുപ്പ് ഒരുക്കം നേരത്തെ തുടങ്ങി. നിലവിൽ കൈവശമുള്ള ചേലക്കര നിലനിർത്തുന്നതിനൊപ്പം പാലക്കാട് തിരിച്ചുപിടിക്കും. വയനാട്ടിലും നല്ല മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന എൽഡിഎഫ് യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. എൽഡിഎഫ് വയനാട് പാർലമെന്റ് മണ്ഡലം കൺവൻഷൻ 24ന് രാവിലെ 10.30നും ചേലക്കര മണ്ഡലം കൺവൻഷൻ 25ന് രാവിലെ 10.30നും പാലക്കാട് മണ്ഡലം കൺവൻഷൻ വൈകിട്ട് 4.30നും നടക്കും. ചേലക്കര കൺവൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. മുന്നണിയിലെ എല്ലാ കക്ഷി നേതാക്കളും കൺവൻഷനുകളിൽ പങ്കെടുക്കും. ബൂത്ത് കൺവൻഷൻ ഉൾപ്പെടെ എല്ലാ കൺവൻഷനുകളും 31നുള്ളിൽ പൂർത്തിയാക്കും. ആറു മുതൽ 10 വരെ എല്ലാ മണ്ഡലങ്ങളിലും നടക്കുന്ന വിവിധ റാലികളിൽ മുഖ്യമന്ത്രി പങ്കെടുക്കും. വർഗീയ നിലപാട് സ്വീകരിക്കുന്ന കൂട്ടുകെട്ടിനെ ജനം പരാജയപ്പെടുത്തും. യുഡിഎഫും ബിജെപിയും ചേർന്ന് എൽഡിഎഫിനെയും സർക്കാർ സ്വീകരിക്കുന്ന ജനക്ഷേമ നിലപാടുകളെയും തകർക്കാനാണ് ശ്രമിക്കുന്നത്. യുഡിഎഫിനെയും ബിജെപിയെയും പരാജയപ്പെടുത്തുകയാണ് എൽഡിഎഫിന്റെ ലക്ഷ്യം. പാലക്കാട് എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. അവിടെ എത്തുന്ന ആർക്കും അതു മനസിലാകും. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകളെ ഒരുമിച്ചു എതിർക്കുക എന്ന നിലപാട് സ്വീകരിക്കുന്നത് എൽഡിഎഫാണ്. സരിൻ മുമ്പ് എൽഡിഎഫിനെ കടന്നാക്രമിച്ചത് അദ്ദേഹം സ്വീകരിച്ച രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ്. ആ രാഷ്ട്രീയ നിലപാടിൽനിന്ന് മാറിയാണ് അദ്ദേഹം എത്തിയത്. പാലക്കാട് സരിന് വിജയിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസം എൽഡിഎഫിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. എഡിഎം ജീവനൊടുക്കിയ സംഭവം: സർക്കാർ നിലപാട് സുവ്യക്തം എഡിഎം ജീവനൊടുക്കിയ സംഭവത്തിൽ സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയിൽ ഒരു പ്രശ്‌നവുമില്ല. വിഷയത്തിൽ വ്യക്തമായ നിലപാടാണ് സ്വീകരിച്ചത്. ശരിയായ അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടു. യാത്രയയപ്പിൽ ദിവ്യ സംസാരിച്ച രീതി ശരിയല്ല എന്ന് അപ്പോൾതന്നെ വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ മാറ്റി. നവീൻ ബാബുവിന്റെ വീട് സന്ദർശിച്ച എം വി ഗോവിന്ദൻ കുടുംബത്തിന് പൂർണ പിന്തുണ അറിയിച്ചു. ഇത്രയും ചെയ്‌തിട്ടും ഉദ്ദേശ്യശുദ്ധി വ്യക്തമായില്ലേ എന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് ടി പി മറുപടി നൽകി. Read on deshabhimani.com