അൻവറിന്റെ നിലപാട് എൽഡിഎഫിനെ ബാധിക്കില്ല : ടി പി രാമകൃഷ്‌ണൻ
കൊച്ചി പി വി അൻവർ എംഎൽഎയുടെ നിലപാട് എൽഡിഎഫിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും അക്കാര്യത്തിൽ ഉൽക്കണ്‌ഠയില്ലെന്നും കൺവീനർ ടി പി രാമകൃഷ്‌ണൻ പറഞ്ഞു. അൻവർ തീരുമാനം പ്രഖ്യാപിക്കുമ്പോൾ നിലപാട് പറയാം. വർഗീയകക്ഷികളുമായി കൂട്ടുപിടിക്കുന്നുണ്ടോയെന്ന് അൻവറാണ് പറയേണ്ടതും തീരുമാനിക്കേണ്ടതും. അദ്ദേഹം ഇടയ്‌ക്കിടെ നിലപാട് മാറ്റുന്നു. ആദ്യം പറഞ്ഞ വിഷയത്തിൽ അല്ല ഇപ്പോൾ നിൽക്കുന്നത്. എല്ലാം കലങ്ങി തെളിഞ്ഞു വരട്ടെയെന്നും ടി പി മാധ്യമങ്ങളോട് പ്രതികരിച്ചു. ശത്രുപക്ഷവുമായി ഗൂഢാലോചന നടത്തി വസ്തുതാവിരുദ്ധമായ ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിച്ച് സർക്കാരിനെയും നേതൃത്വം നൽകുന്ന സിപിഐ എമ്മിനെയും തകർക്കാനാണ് അൻവർ ശ്രമിക്കുന്നത്. ബിജെപി വർഗീയ–-കോർപറേറ്റ് കൂട്ടുകെട്ടിന്റെ ദുരന്തങ്ങളിൽനിന്ന് നാടിനെ രക്ഷിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെ ദുർബലപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിത്. എൻസിപിയുടെ മന്ത്രിയെ തീരുമാനിക്കാനുള്ള അവകാശം അവർക്കാണ്. മുഖ്യമന്ത്രിയുടെ അഭിപ്രായം അവരോട് പ്രകടിപ്പിച്ചിട്ടുണ്ട്. എൽഡിഎഫിനുമുന്നിൽ വന്നിട്ടില്ല. ഉപതെരഞ്ഞെടുപ്പ് നല്ലരീതിയിൽ നേരിടും. എഡിജിപി എം ആർ അജിത്‌കുമാറിനെതിരെ അന്വേഷണം നടക്കുകയാണ്. റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മുന്നിൽവന്നാൽ മുൻവിധിയില്ലാതെ നടപടി സ്വീകരിക്കും. പാർടി സമ്മേളനങ്ങൾ എവിടെയും നിർത്തിവച്ചിട്ടില്ല. പ്രധാനപ്പെട്ടവർക്ക് പങ്കെടുക്കാൻ കഴിയാത്തതടക്കമുള്ള കാരണങ്ങളുണ്ടാകുമ്പോൾ മാറ്റിവയ്‌ക്കേണ്ടിവരും. ലോകം യുദ്ധത്തിലേക്ക് നീങ്ങുന്നു. എല്ലാവരും പ്രധാനമായി കാണ്ടേണ്ട വിഷയമാണതെന്നും ടി പി പറഞ്ഞു. Read on deshabhimani.com