പ്രൗഢി നിലനിര്‍ത്തി ക്ഷേത്രങ്ങളുടെ മുഖംമിനുക്കും ; ആറന്മുള വാസ്തുവിദ്യാ ഗുരുകുലം പദ്ധതിരേഖ തയ്യാറാക്കും
തിരുവനന്തപുരം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പൗരാണിക ക്ഷേത്രങ്ങൾ പഴമയുടെ പ്രൗഢി നിലനിർത്തി മുഖംമിനുക്കും. പ്രത്യേക പദ്ധതിയിലൂടെയാകുമിത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളിലെ ശീവേലിപ്പുര, നടപന്തൽ, തിടപ്പള്ളി, ശ്രീകോവിൽ എന്നിവ നവീകരിക്കും. വിശദപദ്ധതി രേഖ തയ്യാറാക്കാൻ ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തെ ചുമതലപ്പെടുത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. ആദ്യഘട്ടത്തിൽ 20 ക്ഷേത്രങ്ങളുടെ പദ്ധതിരേഖയാണ് തയ്യാറാക്കുക. സർക്കാർ പദ്ധതികളും മറ്റ് ഏജൻസികളുടെ സഹകരണത്തിലുമാകും നവീകരണം. ക്ഷേത്രങ്ങളിൽ പുരാതനകാലം മുതൽ നിലനിൽക്കുന്ന ചുമർചിത്രങ്ങളടക്കം സംരക്ഷിച്ചാകും നവീകരണം. ഏറ്റുമാനൂർ മഹാദേവർ ക്ഷേത്രത്തിലെ ചുമർചിത്രങ്ങൾ പകർത്തി മറ്റൊരു ഭിത്തിയിൽ വരയ്ക്കുന്നതും ആലോചനയിലുണ്ട്. മുഖം മിനുക്കുന്ന ക്ഷേത്രങ്ങൾ ഏറ്റുമാനൂർ മഹാദേവർ ക്ഷേത്രം, തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തിരുനക്കര മഹാദേവർ ക്ഷേത്രം, വൈക്കം മഹാദേവർ ക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ആറൻമുള പാർത്ഥസാരഥി ക്ഷേത്രം, മലയാലപ്പുഴ ക്ഷേത്രം, ശ്രീകണ്ഠേശ്വര മഹാദേവർ ക്ഷേത്രം, തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, ശ്രീവരാഹമൂർത്തി ക്ഷേത്രം, ചേർത്തല കാർത്തിയാനി ക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം, പറവൂർ ദക്ഷിണമൂകാംബിക ദേവി ക്ഷേത്രം, കൊല്ലം ആനന്ദവല്ലീശ്വര ക്ഷേത്രം, പെരുവാരം മഹാദേവർ ക്ഷേത്രം, ത്രിവിക്രമംഗലം ക്ഷേത്രം, തിരുമുല്ലവാരം ക്ഷേത്രം. Read on deshabhimani.com