തളിപ്പാത്രങ്ങൾ നഷ്ടമായതിന്‌ പിന്നിൽ കവർച്ചാശ്രമമില്ല



തിരുവനന്തപുരം> ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽനിന്ന്‌ തളിപ്പാത്രം കാണാതായ സംഭവം മോഷണമല്ലെന്ന്‌ പൊലീസ്‌. ക്ഷേത്ര ദർശനത്തിനെത്തിയ ഹരിയാന സ്വദേശികൾ പാത്രവുമായി പോയത്‌ ബോധപൂർവമല്ലെന്ന്‌ വ്യക്തമായതിനെ തുടർന്നാണ്‌ മോഷണക്കുറ്റം ചുമത്തേണ്ടതില്ലെന്ന തീരുമാനത്തിൽ പൊലീസെത്തിയത്‌. കഴിഞ്ഞ 13നാണ്‌ ആസ്‌ട്രേലിയൻ പൗരത്വമുള്ള ഹരിയാന സ്വദേശി ഗണേഷ്‌ ഝായും ഭാര്യയും സുഹൃത്തായ മറ്റൊരു സ്ത്രീയും ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയത്‌. വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷമാണ്‌ ഇവർ തിരുവനന്തപുരത്തെത്തിയത്‌. ദർശനത്തിനിടെ പ്രസാദം നൽകുന്ന പൂജാരിമാർ വെള്ളം തളിക്കാനുപയോഗിക്കുന്ന ഓട്ടുപാത്രങ്ങൾ തട്ടിമറിഞ്ഞിരുന്നു. ഹരിയാന സ്വദേശികളുടെ കൈവശമുണ്ടായിരുന്ന വസ്തുക്കളും ഈ സമയം താഴെവീണു. ഒപ്പമുണ്ടായിരുന്നവർ സാധനങ്ങൾ എടുത്തുനൽകിയതിനൊപ്പം തളിപ്പാത്രവും ഉൾപ്പെടുകയായിരുന്നു. ഇതുമായി സംഘം ഹരിയാനയിലേക്ക്‌ മടങ്ങി. പിന്നീടാണ്‌ തളിപ്പാത്രം കാണാതായ വിവരമറിയുന്നത്‌. അന്വേഷണത്തിൽ കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ ക്ഷേത്രം അധികൃതർ ഫോർട്ട്‌ പൊലീസിൽ പരാതി നൽകി. സിസിടിവി കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ്‌ ഹരിയാന സ്വദേശികളായ സ്ത്രീകളുടെ പക്കൽ ഈ പാത്രവും ഉൾപ്പെട്ടതായി കണ്ടെത്തിയത്‌. യാത്രാ രേഖകൾ പരിശോധിച്ചതിൽ ഇവർ ഹരിയാന സ്വദേശികളാണെന്ന്‌ വ്യക്തമായി. ഹരിയാന പൊലീസിന്റെ സഹായത്തോടെ മൂവരെയും കസ്റ്റഡിയിലെടുത്ത്‌ തിരുവനന്തപുരത്ത്‌ എത്തിക്കുകയായിരുന്നു. കാണാതായ പാത്രവും കണ്ടെത്തിയിട്ടുണ്ട്‌.സാധനങ്ങൾ ബോധപൂർവമല്ലാതെ കടത്തിക്കൊണ്ടുപോയതിന്‌ ബിഎൻഎസ്‌ 314ാം വകുപ്പനുസരിച്ച്‌ ഗണേഷ്‌ ഝായ്‌ക്കെതിരെ കേസെടുത്ത്‌ ജാമ്യത്തിൽവിട്ടു. Read on deshabhimani.com

Related News