പത്ത് ദിവസം;കണ്ണീരൊപ്പാൻ കുന്നായി കുമിഞ്ഞ് അവശ്യസാധനങ്ങൾ
കൽപ്പറ്റ > വയനാടിൻ്റെ കണ്ണീരൊപ്പാനായി അവശ്യ സാധനങ്ങളും ഭക്ഷ്യ വസ്തുക്കളുമൊരുഴുകുന്നു. വിവിധ ജില്ലകളിൽനിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും പത്തു ദിവസമായി സാധനങ്ങളെത്തുന്നുണ്ട്. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ദിവസം തന്നെ വയനാട്ടിലേക്ക് അവശ്യ സാധനങ്ങൾ എത്തിത്തുടങ്ങിയിരുന്നു. കൽപ്പറ്റ സെൻ്റ് ജോസഫ് സ് സ്കൂളിലെ കലക്ഷൻ പോയിൻ്റിലാണ് സാധനങ്ങൾ സ്വീകരിക്കുന്നത്. കർണാടകം, തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളുമടക്കം എത്തുന്നത്. ആദ്യ ദിവസങ്ങളിൽ നേരിട്ട് ക്യാമ്പുകളിലും മറ്റും സാധനങ്ങൾ എത്തിയിരുന്നെങ്കിലും കലക്ട്രേറ്റുകൾ വഴിയാണ് നിലവിൽ എത്തുന്നത്. തിരുപ്പൂർ ജില്ലയിൽ നിന്നാണ് സംസ്ഥാനത്തിന് പുറത്തു നിന്ന് ഏറ്റവും കൂടുതൽ സാധനങ്ങളെത്തിയത്. അരലക്ഷത്തിലേറെ സാധനങ്ങൾ. നീലഗിരി, കോയമ്പത്തൂർ, കുംഭകോണം തുടങ്ങിയ ജില്ലകളിൽ നിന്നും സാധനങ്ങൾ വൻതോതിൽ എത്തി. നൈറ്റികൾ, മുണ്ടുകൾ, ടീഷർട്ട്, ഷർട്ട്, അടിവസ്ത്രങ്ങൾ, സാനിറ്ററി നാപ്കിനുകൾ തുടങ്ങിയവയെല്ലാം ആവശ്യത്തിലേറെ എത്തിക്കഴിഞ്ഞു. ബെഡ് ഷീറ്റുകളും സ്വെറ്ററുകളും തോർത്തുകളും വൻതോതിൽ എത്തിയിട്ടുണ്ട്. അരിയടക്കം അവശ്യ ഭക്ഷ്യ വസ്തുക്കളെല്ലാം വിവിധയിടങ്ങളിൽ നിന്ന് ദിവസേന എത്തുന്നു. സെൻ്റ് ജോസഫ് സ് സ്കൂളിലെ കലക്ഷൻ സെൻ്ററിൽ നിന്നാണ് വിവിധ ക്യാമ്പുകളിലെ അടുക്കളകളിലേക്ക് സാധനങ്ങളെത്തിക്കുന്നത്. സന്നദ്ധ പ്രവർത്തകർക്കും സേനാ വിഭാഗങ്ങൾക്കും ഭക്ഷണം എത്തിക്കുന്ന മേപ്പാടി പോളി ടെക്നിക്കിലെയും സാമൂഹ്യ അടുക്കളയിലേക്കും ഇവിടെ നിന്ന് സാധനങ്ങളെത്തിക്കുന്നു. സെൻ്റ് ജോസഫ് സ് ഹൈസ്കൂളിൽ ഓരോ സാധനങ്ങളും പ്രത്യേകം മുറികളിലാണ് സൂക്ഷിക്കുന്നത്. പല മുറികളും നിറഞ്ഞതിനാൽ ഓപൺ ഓഡിറ്റോറിയത്തിലാണ് നിലവിൽ സാധനങ്ങൾ വെക്കുന്നത്. ആവശ്യത്തിലേറെ സാധനങ്ങളെത്തിയതോടെ തൽക്കാലത്തേക്ക് ഭക്ഷ്യവസ്തുക്കളും മറ്റ് സാധനങ്ങളും സ്വീകരിക്കുന്നത് നിർത്തിയതായി വയനാട് ജില്ലാ ഭരണ സംവിധാനം അറിയിച്ചു. അവശ്യസാധനങ്ങളുടെ കണക്ക് സുതാര്യമാക്കുന്നതിന് ഫെയർകോഡ് ഇൻഫോടെക് എന്ന ഐടി കമ്പനി സജ്ജമാക്കിയ ഇആർപി സോഫ്റ്റ് വെയറാണ് ഉപയോഗിക്കുന്നത്. ക്യാമ്പുകളിലേക്കും സാമൂഹ്യ അടുക്കളയിലേക്കുമുള്ള സാധനങ്ങളുടെ കൈമാറ്റം എളുപ്പമാക്കുന്നതിനും ലഭ്യത ഉറപ്പാക്കാനും ഇതുവഴി കഴിയുന്നു. ഇവിടെ എത്തുന്ന സാധനങ്ങളെല്ലാം ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷം സോഫ്റ്റ് വെയറിൽ ചേർക്കും. എന്താണ് ഇനി ആവശ്യമുള്ളതെന്നും സ്റ്റോക്ക് കുറവുള്ളതെന്താണെന്നുമൊക്കെ അറിയാൻ ഇതുവഴി കഴിയും. പൊതുജനങ്ങൾക്കും പരിശോധിക്കാൻ കഴിയുന്ന വിധത്തിലാണ് ഇതിൻ്റെ ക്രമീകരണം. Read on deshabhimani.com