കുട്ടികൾ വരയ്‌ക്കുന്നു, പാഠപുസ്‌തകചിത്രങ്ങൾ

ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിലെ പാഠപുസ്‌തകങ്ങളിലാണ്‌ കുട്ടികൾ വരച്ചചിത്രങ്ങൾ ഉൾപ്പെടുത്തുന്നത്‌


തിരുവനന്തപുരം > ഭാവനയിൽ പരിമിതിയില്ലാതെ  അവർ  പറന്നുനടക്കുന്നു. വിഴിഞ്ഞം സ്വദേശി രാകേഷും പയ്യന്നൂർ കോറോം സ്വദേശി അഭയ്‌യും. ജന്മനാ ചലനശേഷി പരിമിതപ്പെട്ടവരാണ്‌ ഇരുവരും. ഒന്നുമുതൽ പത്താംക്ലാസുവരെയുള്ള പാഠപുസ്‌തകങ്ങൾക്കായി ചിത്രം വരയ്‌ക്കുകയാണ്‌. ഇവരെ കൂടാതെ 22 കുട്ടികൾകൂടിയുണ്ട്‌. പൂജപ്പുരയിലെ എസ്‌സിഇആർടിയുടെ ഹാളിൽ ഇതിനായി  ക്യാമ്പ്‌ സംഘടിപ്പിച്ചു. ഇതാദ്യമാണ്‌ പാഠപുസ്‌തകങ്ങൾക്ക്‌ കുട്ടികളെ കൊണ്ട്‌ ചിത്രം വരപ്പിക്കുന്നത്‌. ജില്ലകളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട ഒമ്പത്‌ ഭിന്നശേഷിക്കാരായ കുട്ടികളും വിവിധ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽനിന്നുള്ള 15 ആദിവാസി കുട്ടികളും രണ്ടുദിവസത്തെ ക്യാമ്പിൽ പങ്കെടുത്തു.  കുട്ടികളുമായി നടത്തിയ സംഭാഷണത്തിൽനിന്നാണ്‌ പാഠപുസ്‌തകങ്ങളിൽ  അവർ വരച്ച ചിത്രങ്ങൾ ഉൾപ്പെടുത്താനുള്ള ആശയത്തിന്റെ തുടക്കമെന്ന്‌ എസ്‌സിഇആർടി ഡയറക്ടർ ആർ കെ ജയപ്രകാശ്‌ പറഞ്ഞു.  ആദ്യഘട്ടമെന്ന നിലയിൽ കഴിഞ്ഞ വർഷം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ്‌ ലഭിച്ച കുട്ടികളുടെ ചിത്രങ്ങൾ പരിശോധിച്ചു. മികച്ച ചിത്രങ്ങളായിരുന്നു എല്ലാം. അങ്ങനെയാണ്‌ അടുത്ത അധ്യയന വർഷത്തെ പുസ്‌തകങ്ങളിൽ  കുട്ടികൾ വരച്ച ചിത്രം ഉൾപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്ലാസ്‌ റൂം വരയ്‌ക്കാൻ പറഞ്ഞപ്പോൾ വളരെ വേഗത്തിൽ വരച്ചുനൽകി ഇടുക്കി എംആർഎസിലെ എട്ടാംക്ലാസ്‌ വിദ്യാർഥി ശ്യാംകൃഷ്‌ണൻ. ഗ്രാമീണ ദൃശ്യത്തിനും ഏറെ മനോഹാരിത. തൊടുപുഴയിലെ ഉൾപ്രദേശത്താണ്‌ ശ്യാമിന്റെ വീട്‌. അധ്യാപകരാണ്‌ അവനെ ശിൽപ്പശാലയിലേക്ക്‌ കൊണ്ടുവന്നത്‌. ഏറെ വ്യത്യസ്‌തതയുള്ള ചിത്രങ്ങൾ. പാഠപുസ്‌തകങ്ങളിൽ തങ്ങൾ വരച്ച ചിത്രങ്ങൾ ഉണ്ടാകുമെന്ന ആഹ്ലാദവും കൗതുകവുമാണ്‌ മിക്കവർക്കും. ക്യാമ്പ്‌ വഴി ശേഖരിച്ച ചിത്രങ്ങൾ വിവിധ ക്ലാസുകളിലെ  പാഠഭാഗങ്ങളിലേക്ക്‌ തെരഞ്ഞെടുക്കുന്നത്‌ എസ്‌സിഇആർടിയിലെ റിസർച്ച്‌ ഓഫീസർമാരാണ്‌. മികച്ച ചിത്രങ്ങളായിരിക്കും ഇത്തരത്തിൽ തെരഞ്ഞെടുക്കുക. പാഠപുസ്‌തകങ്ങളിൽ കുട്ടികളുടെ പേരും ഉൾപ്പെടുത്തും. മുൻവർഷങ്ങളിൽ പ്രശസ്‌തരായ ചിത്രകാരന്മാരായിരുന്നു പാഠപുസ്‌തകങ്ങൾക്ക്‌ വരച്ചിരുന്നത്‌. അതിനാണ്‌ മാറ്റം വരുത്തുന്നത്‌. Read on deshabhimani.com

Related News