തങ്കമ്മ ടീച്ചർക്ക് 89, ടീച്ചർ തുടക്കമിട്ട പകൽവീടിന് അഞ്ചാം പിറന്നാൾ



കാഞ്ഞിരപ്പള്ളി> കാഞ്ഞിരപ്പള്ളി തമ്പലക്കാട് കാരുശ്ശേരി വീട്ടിലെ തങ്കമ്മ ടീച്ചൾ 89-ാം പിറന്നാളിന്റെ നിറവിലാണ്. ഒപ്പം ഒരുപാട് അമ്മമാർക്കുവേണ്ടി ടീച്ചറൊരുക്കിയ  പകൽ വീടിന് അഞ്ചാം പിറന്നാളിന്റെ ചെറുപ്പവും .  2004-ൽ ഭർത്താവ് കേശവൻ നായരുടെ  മരണത്തെത്തുടർന്നാണ്  ഒഴിവുസമയം ചെലവഴിക്കാൻ ഒരു വഴി ടീച്ചർ ആലോചിക്കുന്നത്. സ്വന്തം നാട്ടിലെ പ്രായമുള്ള അമ്മമാരുടെ പകലുകൾക്ക് സന്തോഷവും സുരക്ഷയും നൽകണമെന്ന ആഗ്രഹമാണ് പകൽവീടിലേക്ക് നയിച്ചത്.  ആഗ്രഹമറിറ്റ മക്കൾ അമ്മക്കൊപ്പം നിന്നു. ഇരുന്നൂറോളം വർഷം പഴക്കമുള്ള നിരയും പുരയും ചേർന്ന തറവാട്ടു വീടിനെ ആധുനിക സൗകര്യങ്ങളോടെ ഒരുക്കി അമ്മയുടെ ആഗ്രഹം നിറവേറ്റി. കഴിഞ്ഞ അഞ്ചു വർഷമായി തമ്പലക്കാട്ടും പരിസരത്തുമുള്ള മുപ്പതോളം വയോധികരായ അമ്മമാരുടെ പകൽസംഗമ വേദിയാണ് ഈ പകൽവീട്. ടീച്ചർ തുടക്കമിട്ട മാനവോദയ പകൽവീടിന്റെ 5-ാം വാർഷികവും വിപുലമായി ആഘോഷിച്ചു. വാർഷികാഘോഷത്തിന്റെ ഭാ​ഗമായി നാട്ടിലെ തൊഴിലന്വേഷകരായ ചെറുപ്പക്കാരെ സൗജന്യമായി കമ്പ്യൂട്ടർ പരിശീലിപ്പിക്കുന്നതിനായി മാനവോദനയ ചാരിറ്റബ്ൾ ട്രസ്റ്റ് തുടക്കമിട്ട കമ്പ്യൂട്ടർ സെന്ററിന്റെ ഉദ്ഘാടനവും ഞായറാഴ്ച നടന്നു. ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ഡോ. എൻ ജയരാജ് എംഎൽഎ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ തുടങ്ങിയവർ പങ്കെടുത്തു. പകൽവീട്ടിലെ അമ്മമാരുടെ തിരുവാതിര കളി നടന്നു. കരോക്കെ ഗാനമേള, നാടൻപാട്ട്, നൃത്തപരിപാടി, മെന്റലിസം മായാജാല പ്രകടനം എന്നിവയും അരങ്ങേറി. പകൽ വീടിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു വാഹനത്തിൽ എന്നും രാവിലെ എല്ലാ അമ്മമാരേയും അവരവരുടെ വീടുകളിലെത്തി കൂട്ടുകയും വൈകീട്ട് തിരിച്ചെത്തിക്കുകയും ചെയ്യുന്ന ഉത്തരവാദിത്തവും ടീച്ചറുടെ നേതൃത്വത്തിൽ പകൽവീട്ടിലെ ജീവനക്കാർ ഏറ്റെടുത്തിരിക്കുന്നു. വിവിധ ജാതി മതങ്ങളിൽപ്പെട്ടവരാണ് ഈ അമ്മാർ എന്നതിനാൽ മാനുഷികധ്യാനം എന്നു പേരിട്ടിരിക്കുന്ന ഒരു മതേതര പ്രാർത്ഥനയോടെയാണ് എന്നും രാവിലെ 9ന്   പകൽവീടുണരുന്നത്. തുടർന്ന് ചെയർ യോഗ, പ്രഭാതഭക്ഷണം, പത്രപാരായണം എന്നിവക്ക് ശേഷം വിളക്കുതിരി, മെഴുകുതിരി, സാമ്പ്രാണി, പേപ്പർ ബാഗ്, സോപ്പ്‌പൊടി, ക്ലീനിങ്  ലോഷൻ എന്നീ ഉത്പന്നങ്ങൾ ഉണ്ടാക്കുകയും പാക്ക് ചെയ്യുകയും ചെയ്യുന്നു. ഒപ്പം ചെറിയ തോതിൽ പച്ചക്കറികൃഷിയുമുണ്ട്. വൈകുന്നേരം കുറച്ചു നേരം നടത്തം. പിന്നീട് 5 മണിക്ക് സ്വന്തം വീടുകളിലേക്ക് മടക്കയാത്ര. മാസത്തിലൊരിക്കൽ കുടുംബസംഗമം നടത്തുന്നുണ്ട്. പാട്ടും തിരുവാതിരകളിയും ഒക്കെ ഉണ്ടാവും അരങ്ങിൽ. ഓണവും ക്രിസ്മുസും തുടങ്ങി എല്ലാ  വിശേഷങ്ങളും ഇവിടെ ആഘോഷിക്കാറുണ്ട്. വർഷത്തിൽ ഒരിക്കൽ ഒരു വിനോദയാത്രയും നടത്തും. അമ്മമാരുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ ഒരു മുത്തശ്ശിക്കടയും പകൽവീടിന്റെ ഭാഗമായുണ്ട്. ഇതിനു പുറമെ പകൽ വീട്ടിലെത്തുന്നവരുടെ ആരോഗ്യ സംരക്ഷണത്തിനായി മാനവോദയ ക്ലിനിക്കും ലാബും പ്രവർത്തിക്കുന്നുണ്ട്. നാട്ടിലെ ചെറുപ്പക്കാരുടെ തൊഴിൽപരിശീലന മേഖലയിലും മാനവോദയ ഒട്ടും പിന്നിലല്ല. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ മൂന്നു വർഷമായി സ്ത്രീകൾക്കായി നടത്തുന്ന സൗജന്യ തയ്യൽ പരിശീലന കേന്ദ്രം ഇവിടെ പ്രവർത്തിക്കുന്നത്. ഇതിനു പുറമെയാണ് ഞായറാഴ്ച ഉദ്ഘാടനം ചെയ്യപ്പെട്ട സൗജന്യ കമ്പ്യൂട്ടർ പരിശീലന കേന്ദ്രം. അടിസ്ഥാന കമ്പ്യൂട്ടർ നൈപുണ്യങ്ങളായ എംഎസ് ഓഫീസ്, അക്കൗണ്ടിംഗ് സോഫ്റ്റ് വെയറുകളിലാണ് രണ്ട് ഇൻസ്ട്രക്ട്രർമാരുടെ സഹായത്തോടെ ഇവിടെ സൗജന്യമായി പരിശീലനം നൽകുന്നതെന്ന് ടീച്ചറുടെ മകനും അമേരിക്കയിലെ ന്യൂയോർക്ക് ആസ്ഥാനമായി സതർലാൻഡ് ഗ്ലോബൽ സർവീസസിൽ ചീഫ് കമേഴ്‌സ്യൽ ഓഫീസറുമായ ശ്രീകുമാർ പറഞ്ഞു. അഡ്വ. ഗീത, സതീഷ്‌കുമാർ എന്നിവരാണ് മറ്റു മക്കൾ. Read on deshabhimani.com

Related News