താണിയനും വടക്കുംപുറവും ജേതാക്കൾ



പറവൂർ ഇരുട്ടുകുത്തിവള്ളങ്ങൾ ഇഞ്ചോടിഞ്ച് പൊരുതിയ ഗോതുരുത്ത് മുസിരിസ് ജലോത്സവത്തിൽ താണിയനും വടക്കുംപുറവും ജേതാക്കളായി. ഗോതുരുത്ത് -തെക്കേത്തുരുത്ത് പുഴയുടെ ഓളപ്പരപ്പുകളെ ആവേശത്തിമിർപ്പിലാക്കിയ മത്സരം കാണാൻ ഇരുകരകളിലും നൂറുകണക്കിന്‌ ആളുകളാണ്‌ എത്തിയത്‌. എ ഗ്രേഡ് ഫൈനലിൽ ചാത്തേടം ക്രിസ്തു‌രാജ ബോട്ട് ക്ലബ് തുഴഞ്ഞ താണിയൻ ടിബിസി, കൊച്ചിൻ ടൗൺ തുഴഞ്ഞ ഗോതുരുത്തുപുത്രനെ പരാജയപ്പെടുത്തി. ബി ഗ്രേഡിലെ കലാശപ്പോരിൽ പിബിസി വടക്കുംപുറം തുഴഞ്ഞ വടക്കുംപുറം വള്ളം, മടപ്ലാതുരുത്ത് ബോട്ട് ക്ലബ്ബിന്റെ മടപ്ലാതുരുത്ത് വള്ളത്തെ തോൽപ്പിച്ചു. ഗോതുരുത്ത് മുസിരിസ് ബോട്ട് റെയ്‌സ് ക്ലബ്ബായിരുന്നു ജലമേളയുടെ സംഘാടകർ. സെന്റ്‌ സെബാസ്‌റ്റ്യൻസ് ഫൊറോന പള്ളി വികാരി ഫാ.  ആന്റണി ബിനോയ് അറയ്ക്കൽ പതാക ഉയർത്തി. പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്‌തു. ഗോതുരുത്ത് മുസിരിസ് ബോട്ട് റെയ്‌സ് ക്ലബ് പ്രസിഡന്റ് റോഷൻ മനക്കിൽ അധ്യക്ഷനായി. റാഫേൽ കൈതത്തറ ഫ്ലാഗ്‌ ഓഫ് ചെയ്തു. പഞ്ചായത്ത് അംഗം കെ ടി ഗ്ലിറ്റർ തുഴ കൈമാറി. ചേന്ദമംഗലം പഞ്ചായത്ത് അംഗങ്ങളായ പി ജി വിപിൻ, ജോമി ജോസി, ഗോതുരുത്ത് മുസിരിസ് ബോട്ട് റെയ്‌സ് ക്ലബ് സെക്രട്ടറി ആൽറിൻ കെ ജോബോയ്, പീറ്റർ പാറക്കൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ഷിപ്പി സെബാസ്റ്റ്യൻ ജേതാക്കൾക്ക് ട്രോഫി നൽകി. Read on deshabhimani.com

Related News